ഡെമോക്രാറ്റിക് പാർട്ടി അംഗമായ സൊഹ്‌റാൻ മംദാനി ഇന്ന് അമേരിക്കയുടെ സുവർണ്ണ ചരിത്രത്തിൽ ഔദ്യോഗികമായി തന്റെ പേര് രേഖപ്പെടുത്തും. ഖുറാനിൽ കൈവെച്ചായിരിക്കും അദ്ദേഹം മേയറായി സത്യപ്രതിജ്ഞ ചെയ്യുക.
ന്യൂയോര്‍ക്ക്: അമേരിക്കൻ ചരിത്രം മാറ്റിമറിച്ച ഡെമോക്രാറ്റിക് പാർട്ടിക്കാരനായ സൊഹ്‌റാൻ മംദാനി ഇന്ന് ന്യൂയോർക്ക് സിറ്റി മേയറായി ഖുര്‍ആനില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചരിത്രത്തിൽ അങ്ങനെ ചെയ്യുന്ന ആദ്യത്തെ മേയറാകും മംദാനി. കലണ്ടർ 2026 ആകുന്നതോടെ മംദാനി ഔദ്യോഗികമായി അധികാരമേൽക്കും.
ന്യൂയോർക്ക് സിറ്റിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. അദ്ദേഹത്തിന്റെ സംഘം രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്, ഒന്ന് സ്വകാര്യവും മറ്റൊന്ന് പൊതുവേദിയിലായിരിക്കും. ന്യൂയോർക്കിൽ, വളരെക്കാലമായി നിലനിൽക്കുന്ന ഒരു പാരമ്പര്യമാണ് പുതുവർഷത്തിന്റെ തുടക്കത്തിൽ ഒരു പുതിയ മേയറുടെ കാലാവധി ആരംഭിക്കുന്നു.
അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെ പ്രധാന പൊതുപരിപാടികൾക്ക് മുമ്പ് പ്രാരംഭ ചടങ്ങുകൾ നടത്തി സ്ഥാനമൊഴിയുന്ന മേയർ എറിക് ആഡംസും മുൻ മേയർ ബിൽ ഡി ബ്ലാസിയോയും സമാനമായ ഇരട്ട സ്ഥാനാരോഹണ പാരമ്പര്യങ്ങൾ പിന്തുടർന്നിട്ടുണ്ട്. മംദാനിയുടെ രാഷ്ട്രീയ സഖ്യകക്ഷിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രമുഖ വിമർശകനുമായ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസാണ് അർദ്ധരാത്രി ചടങ്ങ് നയിക്കുന്നത്.
അർദ്ധരാത്രിക്ക് ശേഷം മന്‍ഹാട്ടനിലെ മുൻ സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സൊഹ്‌റാൻ മംദാനി തന്റെ ആദ്യ സത്യപ്രതിജ്ഞ ചൊല്ലും. നഗരത്തിന് താഴെ വർഷങ്ങളായി പ്രവർത്തനരഹിതമായ സബ്‌വേ സ്റ്റേഷനിൽ വച്ചാകും മംദാനിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തുടർന്ന് ഉച്ചകഴിഞ്ഞ് മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിനു പുറത്തു വച്ച് പൊതുജനങ്ങളെ സാക്ഷിയാക്കിയും സത്യപ്രതിജ്ഞ ചെയ്യും. 1904 ൽ നിർമിച്ച ഈ സബ്‌വേ സ്റ്റേഷൻ 1945 ൽ ഉപേക്ഷിക്കപ്പെട്ട പഴയ സിറ്റിഹാൾ സബ്‌വേ സ്റ്റേഷനാണ്. നഗരത്തിൻ്റെ പഴയകാല പ്രൗഢിയേയും തൊഴിലാളി വർഗത്തിൻ്റെ പോരാട്ടത്തെയും ഈ സബ്‌വേ സൂചിപ്പിക്കുമെന്ന് മംദാനി പറഞ്ഞു.
സബ്‌വേയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സൊഹ്രാൻ മംദാനി രണ്ട് ഖുർആനുകൾ കൈ സൂക്ഷിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മംദാനിയുടെ മുത്തച്‌ഛൻ്റെ പക്കലുണ്ടായിരുന്ന ഖുർആനും 18 -ാം നൂറ്റാണ്ടിൻ്റെ അന്ത്യപാതത്തിലോ 19 -ാം നൂറ്റാണ്ടിൻ്റെ ആദ്യപാതത്തിലോ അച്ചടിക്കപ്പെട്ട പോക്കറ്റ് വലിപ്പമുള്ള മറ്റൊരു ഖുർആനുമായിരിക്കും സൂക്ഷിക്കുക. ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ ഷോംബർഗ് സെൻ്റർ ഫോർ റിസർച്ച് ഇൻ ബ്ലാക്ക് കൾച്ചറിലെ ശേഖരത്തിൻ്റെ ഭാഗമാണ് ഈ ഖുർആൻ.
നഗരത്തിലെ ഇസ്ലാം മത വിശ്വാസികളുടെ വൈവിധ്യത്തെയും വ്യാപ്‌തിയേയും പ്രതീകപ്പെടുത്തുന്നതാണ് ഖുർആൻ പകർപ്പ് എന്ന് ലൈബ്രറിയിലെ ഇസ്ലാമിക് സ്റ്റഡീസ് ക്യൂറേറ്റർ ഹിബ ആബിദ് പറഞ്ഞു. ആഫ്രിക്കൻ വംശജരുടെ ആഗോള സംഭാവനകൾ രേഖപ്പെടുത്തിയ ഖുർആൻ്റെ കൈയ്യെഴുത്ത് പ്രതിയാണിത്. പ്യൂർട്ടോ റിക്കൻ ചരിത്രകാരനായ അർതുറോ ഷോംബർഗാണ് ഈ കൈയ്യെഴുത്തുപ്രതി സ്വന്തമാക്കിയിരിക്കുന്നത്.
ഖുർആൻ ഷോംബർഗിൻ്റെ കൈവശം എങ്ങനെ എത്തിയെന്നത് വ്യക്തമല്ല. അമേരിക്കയിലും ആഫ്രിക്കയിലുമുള്ള ഇസ്ലാം മത വിശ്വാസികളും ആഫ്രിക്കൻ വംശജരും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ഈ ഗ്രന്ഥം പ്രതിഫലിപ്പിക്കുന്നതായി ചിലർ അഭിപ്രായപ്പെടുന്നു. അലങ്കൃതമായ ഖുർആനിനു പകരം ലളിതമായി രൂപകൽപ്പന ചെയ്‌ത ഖുർആനാകും മംദാനി സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിക്കുക എന്ന് വിവിധ വൃത്തങ്ങൾ പറയുന്നു.
പഞ്ചാബ് സ്വദേശിയും സിനിമാ സംവിധായകയുമായ മീരാ നായർ, ഗുജറാത്തി മുസ്ലീം വംശജനും കൊളംബിയ സർവകലാശാലയിലെ അധ്യാപകനുമായ മഹ്‌മൂദ് മംദാനി ദമ്പതികളുടെ മകനായി ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലായിരുന്നു സൊഹ്രാൻ മംമ്ദാനിയുടെ ജനനം. 2018 ലാണ് മംദാനിക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്.
കാലങ്ങളായി അമേരിക്കയുടെ അരങ്ങ് വാണിരുന്ന മുതലാളിത്ത രാഷ്‌ട്രീയത്തിന് പൊടുന്നനെ തിരശീലയിടുകയായിരുന്നു മംദാനി. തൻ്റെ ഇടതുപക്ഷ ആശയങ്ങളിൽ അടിയുറച്ച് വേരൂന്നിയാണ് രാഷ്‌ട്രീയ പ്രവർത്തനം മംദാനി ആരംഭിക്കുന്നത്.
ഒടുവിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ നാല് തവണ സ്ഥാനമേറ്റ അരവെല്ല സിമോട്ടാസിനെ പരാജയപ്പെടുത്തി 2020 ലാണ് മംദാനി ആദ്യമായി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2022 ലും 2024 ലും എതിരില്ലാതെ മംദാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നഗരത്തെ എല്ലാ ദിവസവും പ്രവർത്തിപ്പിക്കുന്ന കഠിനാധ്വാനികളായ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് മംദാനിയുടെ ഓഫീസ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു. ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിനായി ന്യൂയോർക്ക് അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തിയ ഒരു കാലഘട്ടത്തിന്റെ പ്രതീകമായാണ് മംദാനിയെ വിശേഷിപ്പിച്ചത്.
34 കാരനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മംദാനിയുടെ വിജയത്തോടെ ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം, ആദ്യത്തെ ദക്ഷിണേഷ്യൻ, ആദ്യത്തെ ആഫ്രിക്കൻ വംശജനായ മേയറെന്ന പദവിയും അദ്ദേഹത്തിന് സ്വന്തം.
