ഗുരുവായൂർ: പുതുവത്സര ദിനമായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദര്‍ശനത്തിനായി ഒഴുകിയെത്തിയ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതായതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ബുധനാഴ്ച രാത്രി മുതൽ ക്യൂവിൽ നിന്നിരുന്ന ഭക്തരാണ് ദര്‍ശനം ലഭിക്കാതായതോടെ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധിച്ചത്.
പുതുവത്സര ദിനത്തില്‍ ദർശനത്തിനായി മണിക്കൂറുകളോളം കാത്തിരിക്കുന്നവരെ പരിഗണിക്കാതെ പ്രത്യേക പാസുള്ളവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. രാവിലെ 7 മണിയോടെയാണ് ഭക്തർ കിഴക്കേ നടപ്പന്തലിൽ എത്തിയത്. നടപന്തലിൽ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലകളും തകർത്ത ഭക്തർ പിന്നീട് അവിടെ ഒത്തുകൂടി പ്രതിഷേധിച്ചു. നാമജപം നടത്തിയായിരുന്നു പ്രതിഷേധം. സാധാരണ ഭക്തരെ പ്രവേശിപ്പിച്ചതിനുശേഷം മാത്രമേ പ്രത്യേക പാസുള്ളവരെ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു അവരുടെ ആവശ്യം.
വ്യാഴാഴ്ച ആയതിനാൽ ബുധനാഴ്ച രാത്രി മുതൽ തന്നെ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു. പുതുവത്സര ദിനമായ വ്യാഴാഴ്ച രാവിലെ ദർശനം നടത്തുന്നതിനായി ബുധനാഴ്ച രാത്രി തന്നെ ഭക്തർ ക്ഷേത്രത്തിനു മുന്നില്‍ നിരന്നിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും ഇന്ന് ക്ഷേത്രം സന്ദർശിച്ചിരുന്നു. കൂടാതെ, ശീവേലിക്ക് നെയ് വിളക്ക് അർപ്പിക്കുന്ന ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ക്യൂവിലുള്ള മറ്റുള്ളവർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ദർശനത്തിനായി കാത്തുനിന്ന മുതിർന്ന പൗരന്മാർക്ക് പ്രവേശനം അനുവദിച്ചത് മണിക്കൂറുകളോളം കാത്തിരുന്ന ഭക്തരുടെ പ്രതിഷേധത്തിനും കാരണമായി.
