
ബുധനാഴ്ച രാത്രി ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. അപ്പാർട്ട്മെന്റിൽ തീപിടുത്തമുണ്ടായപ്പോള്‍ തീജ്വാലകളിൽ നിന്നും കനത്ത പുകയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടി തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മൽകാപൂർ ഗ്രാമവാസിയായ ഋഥിക് റെഡ്ഡി (25) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സംക്രാന്തി ഉത്സവത്തിനായി നാട്ടിലേക്ക് മടങ്ങുന്നതിനായി കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാല്‍, പുതുവത്സരത്തിന്റെ ആദ്യ ദിവസമാണ് ദുരന്തം സംഭവിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, ഋഥിക് റെഡ്ഡി 2023 ജൂണിലാണ് യൂറോപ്പ് സർവകലാശാലയിൽ നിന്ന് എംഎസ്‌സി പഠിക്കാൻ ജർമ്മനിയിലെ മാഗ്ഡെബർഗിലെത്തിയത്. 2022 ൽ വാഗ്ദേവി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടി. ദസറ അവധിക്കാലം മാറ്റിവച്ച ഋഥിക് ജനുവരി രണ്ടാം വാരത്തിൽ സംക്രാന്തിക്ക് വീട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോർട്ട്.

തീപിടിത്തത്തിന്റെ കാരണം ജർമ്മനിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്വേഷിക്കുന്നുണ്ട്. അതേസമയം, ഋഥിക്കിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തെലങ്കാനയിലെ വിദേശകാര്യ മന്ത്രാലയത്തെയും (എംഇഎ) ജർമ്മനിയിലെ ഇന്ത്യൻ എംബസിയെയും ബന്ധപ്പെട്ട് മൃതദേഹം സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ മാസം (2025 ഡിസംബര്‍ 8), ജങ്കാവ് ജില്ലയിൽ നിന്നുള്ള 24 കാരിയായ സഹജ് റെഡ്ഡി ഉദുംല ന്യൂയോര്‍ക്കില്‍ ഒരു വീടിന് തീപിടിച്ച് മരണപ്പെട്ടിരുന്നു. സഹജ് റെഡ്ഡി 2021-ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി ന്യൂയോര്‍ക്കിലെ ആല്‍ബനിയിലെത്തിയത്. ആല്‍ബനി വെസ്റ്റേണ്‍ അവന്യൂവിലെ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. ഡിസംബര്‍ 8-ന് രാത്രി 11;30ഓടെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് തീ പടര്‍ന്ന് സഹജ റെഡ്ഡി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റും അഗ്നിക്കിരയായി. ഉറങ്ങുകയായിരുന്ന സഹജയ്ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത വിധം തീ ആളിപ്പടര്‍ന്നതായാണ് വിവരം.
