പ്രാചീന കാലം മുതൽ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടിൽ നിളയുടെ തീരത്തു് ബി.സി മുതൽ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോൾ മനുഷ്യർ വിപ്ലവകാരികളായി അല്ലെങ്കിൽ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളിൽ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചു തുടങ്ങിയപ്പോൾ നാട്ടുരാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി. അന്ന് ചാവേർ ഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. വില്യം ലോഗന്റെ ‘മലബാർ മാന്വലിൽ’ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്ന ലോകപ്രശസ്ത മാധ്യമങ്ങളായ അമേരിക്കയിലെ ‘ദി ടെലിഗ്രാഫ് എഴുതിയത് ‘ഇന്ത്യയിലെ ക്രിസ്ത്യാനികളെ അടച്ചു പൂട്ടാൻ ഹിന്ദു തീവ്രവാദികൾ ശ്രമിക്കുന്നു’ (Hindu Extrimists try to shut down Christians in India) എന്നാണ്. അതുപോലെ ന്യൂയോർക്ക് ടൈംസ്, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ്, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങൾ, ഇസ്രായേൽ അടക്കം ലോക രാജ്യങ്ങൾ ക്രിസ്മസ് നാളുകളിൽ ഇന്ത്യയിൽ നടന്ന ആക്രമങ്ങളെ അപലപിക്കുന്നു. അതിൽ കുരുട്ടു കണ്ണിന് മഷിയെഴുതുന്ന തുർക്കിയും ന്യൂനപക്ഷ പീഡനങ്ങളെയോർത്തു് കാണ്ണീർ വാർക്കുന്നു. ഓരോ രാജ്യങ്ങളിൽ പാർക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾ ഈ മതഭ്രാന്ത് കണ്ടത് അത്ഭുതത്തോടെയെങ്കിൽ വിദേശ രാജ്യക്കാരിൽ അമ്പരപ്പാണുണ്ടാക്കിയത്. മനുഷ്യരിൽ അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഈ മത മനോരോഗികളെ ചങ്ങലക്കിടാൻ ഇന്ത്യൻ നിയമങ്ങൾ ദുർബലമാണോ?
എല്ലാം രാജ്യങ്ങളിലും ദേശീയോത്സവങ്ങളുണ്ട്. എന്നാൽ ക്രിസ്മസ്, പുതുവർഷം തുടങ്ങിയവ ഇന്റർനാഷണൽ ഉത്സവങ്ങളാണ്. ക്രിസ്ത്യാനികളില്ലാത്ത അറബ് രാജ്യങ്ങൾ പോലും ക്രിസ്മസ് ആഘോഷിക്കാറുണ്ട്. നമ്മുടെ ശത്രുരാജ്യമായ പാകിസ്താനിൽ പോലും ക്രിസ്മസ് ആഘോഷങ്ങൾ നടന്നത് ലോകമെങ്ങും വൈറൽ ആണ്. അവിടുത്തെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരിഫ് 42 അടി ഉയരമുള്ള ഒരു ക്രിസ്മസ് മരം അവരുടെ ലിബർട്ടി ചൗക്കിൽ സ്ഥാപിക്കുക മാത്രമല്ല തോരണങ്ങളും അതിമനോഹരങ്ങളായ നിറമാർന്ന പൂക്കളും പൂന്തോട്ടവും അതിന് ചുറ്റും വണ്ടുകളെപോലെ പറന്നുനടക്കുന്ന കുട്ടികൾക്ക് മാത്രമല്ല ലോകത്തുള്ള മനുഷ്യരുടെ കണ്ണുകൾക്ക് അവാച്യമായ ആനന്ദമാണ് പകർന്നത്. പാശ്ചാത്യ രാജ്യങ്ങളെ, ലോക പോലീസായ അമേരിക്കയുടെ പ്രീതി നേടാൻ പാകിസ്ഥാൻ നടത്തിയ പൊറാട്ട് നാടകമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിൽ കഴുകക്കണ്ണുകളുമായി ക്രിസ്മസ് പാട്ടുപാടി നടക്കുന്നവർക്ക് നേരെ, സ്വന്തം മുറികളിലിരുന്ന് പ്രാർത്ഥിക്കുന്നവർക്ക് നേരെ ആക്രമണങ്ങളും അശാന്തിയും പടർത്തുന്നത് ഏതൊരു ഈശ്വര ഭക്തനും ഉത്കണ്ഠയുണ്ടാക്കുന്നതാണ്. സമൂഹത്തിൽ നന്മകൾ ചെയ്യാത്തവരെ നീതികെട്ടവരെ ക്രിസ്തുവിൽ നീതിമാരും, മദ്യപാനികളും, കഞ്ചാവ് വലി ക്കാത്തവരുമായി മാറ്റുന്നതാണോ ഈ സുവിശേഷകർ/മിഷനറിമാർ ചെയ്യുന്ന കുറ്റം?
മതമാറ്റം ഒരാളുടെ സ്വകാര്യതയാണ്. അതിലിടപെടാൻ ഇന്ത്യൻ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. ഇന്ത്യയിലെ ഹൈന്ദവ, ക്രിസ്ത്യൻ, ഇസ്ലാം വിശ്വാസികൾ മാത്രമല്ല ലോക ജനതയും ഓരോരോ ഗോത്ര സംസ്കാരങ്ങളിൽ നിന്ന് വന്ന് അവർക്ക് ഇഷ്ടമുള്ള വിശ്വാസങ്ങൾ സ്വീകരിച്ചവരാണ്. ഏക ഛത്രാധിപതികളായ രാജാധിരാജാക്കന്മാരുടെ കാലത്തും മനുഷ്യബോധമണ്ഡലത്തെ വിശ്വാസങ്ങൾ സ്വാധിനിച്ചിട്ടുണ്ട്. അതിനെതിരെ ഒരു രാജാവും അഹങ്കാര ഗർജനം നടത്തിയിട്ടില്ല. ചരിത്രത്തിൽ ആ സിംഹഗർജ്ജനം നടത്തിയത് എ.ഡി. അറുപതുകളിൽ റോമൻ ദേവീദേവന്മാരെ ആരാധിച്ചുകൊണ്ടിരുന്ന, ക്രിസ്ത്യാനികളെ വന്യ മൃഗങ്ങൾക്ക് ഇരയാക്കിയ (റോമിലെ കൊളോസിയം) റോമൻ ചക്രവർത്തിയായിരുന്ന അധികാരത്തിൽ അഹങ്കരിച്ച നീറോയാണ്. ജറുശലേമിൽ നിന്നെത്തിയ സുവിശേഷകരായ സെന്റ് പീറ്റർ, സെന്റ് പോൾ ചക്രവർത്തിക്കതിരെ രംഗത്ത് വന്നു. ഒടുവിൽ രണ്ടുപേരെയും ക്രൂരമായി കൊലപ്പെടുത്തി ആനന്ദം കണ്ട നീറോയെ പിന്നീട് കണ്ടത് ഭ്രാന്തനായിട്ടാണ്. ആ നീറോയുടെ ചത്വരം ഇന്ന് പോപ്പ് ഇരിക്കുന്ന വത്തിക്കാൻ സെൻറ് പീറ്റേഴ്സ് ചത്വരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഹിന്ദു സുവിശേഷഘോഷണങ്ങളിലൂടെ ധാരാളം ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങളിൽ വന്നിട്ടുണ്ട്. ഇവിടെ ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും ഇടപെടില്ല. ഇടപെട്ടാൽ ഇരുമ്പഴിക്കുള്ളിലാകും. ഇതൊക്കെ ഇന്ത്യയിലെ മതമനോരോഗ തീവ്രവാദി കൾക്ക് അറിയാമോ?
ക്രിസ്തുവിന്റെ സൗമ്യമായ ഹൃദയശോഭകൊണ്ടാണ് ലോകമെങ്ങും ക്രിസ്ത്യാനികളുണ്ടായത്. അല്ലാതെ വാൾകൊണ്ടോ അക്രമങ്ങൾകൊണ്ടോ വെട്ടിപിടിച്ചതല്ല. ആ സത്യദർശന-സൗന്ദര്യ സ്നേഹ-സമാധാനം ദൈവവും മനുഷ്യരും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ്. അവിടേക്കാണ് നാല് വയസ്സുള്ള ഒരു കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂർ ഷിംഗോഡിയിൽ സി.എസ്.ഐ വൈദികനായ ജെ. എൽ. സുധീർ വരുന്നത്. അവിടെ പാട്ടും സന്തോഷവും പങ്കിടുമ്പോൾ ഒരു ആൾക്കൂട്ടം കടന്ന് വന്ന് മതപരിവർത്തനമെന്ന പേരിൽ അസഭ്യ വർഷങ്ങൾ ചൊരിയുന്നു. പോലീസ് എത്തി നാല് വയസ്സുള്ള കുട്ടിയെ അടക്കം മൂന്നാല് കുടുംബത്തിലുള്ളവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടുപോകുന്നു. ഒരു രാത്രി അവരെ കഷ്ടപ്പെടുത്തിയിട്ട് എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് ആഹ്വാനത്തോടെ വിടുതൽ കൊടുക്കുന്നു. ഇങ്ങനെ ഇന്ത്യയിലെങ്ങും നിയമങ്ങളെ നോക്കുകുത്തികളാക്കി രാഷ്ട്രീയ പാർട്ടികളുടെ തണലിൽ മത മനോരോഗികൾ പള്ളികൾ ആക്രമിക്കുന്നു, ക്രിസ്മസ് അലങ്കാരങ്ങൾ കൊള്ളയടിക്കുന്നു, കന്യാസ്ത്രീകളടക്കമുള്ളവരെ, കരോൾ ഗായകരെ ഉപദ്രവിക്കുന്നു, റായ്പൂരിലെ മാഗ്നെറ്റ് മാൾ അടക്കമുള്ള സാന്താക്ലോസ് വസ്ത്രങ്ങൾ വിൽക്കുന്ന കച്ചവടക്കാരെ ഉപദ്രവിക്കുന്നു. ജനാധിപത്യ മതേതര ഇന്ത്യയിലാണോ നമ്മൾ ജീവിക്കുന്നത്?
ഡൽഹി, ഹരിയാന, ഒഡീഷ, അസം, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. എന്റെ ബന്ധുക്കളിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം വിശ്വാസികളുണ്ട്. അവരാരും തമ്മിലടിക്കാറില്ല. സ്നേഹത്തിന്റെ ഉഷ്മളത മത വിശ്വാസത്തിലല്ലെന്ന് അവർ തിരിച്ചറിയുന്നു. ആർജ്ജവത്തായ സാംസ്കാരിക സമ്പത്തുള്ള ഇന്ത്യയുടെ മുഖം ലോക രാജ്യങ്ങളുടെ മുന്നിൽ ചില മതമനോരോഗികൾ വികൃതമാക്കുന്നത് ഇന്ത്യയിൽ മാത്രമല്ല പ്രവാസി ഇന്ത്യക്കാരുടെ ജീവിതവും തീരാനൊമ്പരങ്ങളിലേക്ക് തള്ളിയിടുകയാണ്. ഒരു ദരിദ്ര്യ രാജ്യത്തു നിന്ന് വിശപ്പടക്കാനും അരാജകത്വമകറ്റാനും ജീവിതം പച്ചപിടിപ്പിക്കാനും വന്നവരെ അരാഷ്ട്രീയ മതഭ്രാന്തിനിടയിലെ സാക്ഷ്യ പത്രങ്ങളാക്കി മാറ്റുന്നത് ശുഭസൂചകമല്ല. ഇന്ത്യയിൽ നിന്ന് ലഭിച്ച ഈ ക്രിസ്മസ് സമ്മാനം പ്രവാസി ഇന്ത്യക്കാരുടെ മനസ്സിൽ ഒരു മുറിവായി എന്നുമുണ്ടാകും. ഇന്ത്യയിലെ മത രാഷ്ട്രീയ കൂട്ടു കച്ചവടത്തിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ പരദേശികളായി വന്നവരെ മറ്റ് രാജ്യക്കാരുടെ മുന്നിൽ നാണംകെടുത്തുന്നത് എന്തിനാണ്? അമേരിക്കയിൽ നിന്നുവരെ ഇന്ത്യൻ പൗരൻമാരെ വിലങ്ങു വെച്ചു് കൊണ്ടുവന്നത് മറക്കരുത്. അവിടെയും നൂറുകണക്കിന് അമ്പലങ്ങളും വിശ്വാസികളുമുണ്ട്. അവരോട് ഇതേ മതമനോരോഗം തുടർന്നാൽ അതുപോലെ മറ്റ് രാജ്യങ്ങൾ തുടർന്നാൽ ഇന്ത്യക്കാരുടെ മനസ്സിന് മുറിവുണ്ടാകില്ലേ?
