രാപ്പകല്‍ മദ്ധ്യേ മദാലസയായനു-
രാഗവിവശയാം സിന്ദൂര സന്ധ്യയെ
ശ്യാമാംബരത്താല്‍ പുതപ്പിച്ചുറക്കുവാ൯
ശീതാനില൯ നേര്‍ത്ത താരാട്ടു മൂളവേ
ഞാ൯ നടന്നെത്തിയെ൯ പാട വരമ്പിലെ
ഞാവല്‍ മരത്തിന്റെ കീഴിലേകാകിയായ്
പ്രാലേയ മാമല സാനുവില്‍ ശാന്തമായ്
പ്രാദുഷ്ക്കരിയ്ക്കും കുളി൪ നീ൪
പ്രവാഹങ്ങള്‍
സൂര്യ൯ സുരതാഭിലാഷനായ് സാഗര
മാറിലലിയുന്നു ബുദ്ബുദം മാതിരി
കാദംബിനീ നിര സൂര്യാംശു പൂശിയ
മേദുര വര്‍ണ്ണാഭമേറും കമാനങ്ങള്‍
കാരണ്ഡവങ്ങള്‍ ചിലയ്ക്കുന്ന സൈകത
തീരം പ്രശാന്ത പ്രഭവ താഴ്‌വാരങ്ങള്‍
താമരച്ചോലയില്‍ സ്വര്‍ണ്ണ മരാളങ്ങള്‍
കാമാന്ധരായി തിരയുന്നിണകളേ
ചഞ്ചരീകങ്ങലുല്‍ഫുല്ല പൂഷ്പങ്ങളെ
കൊഞ്ചിച്ചു ചുംബിച്ചുറക്കുന്നു വാടിയില്‍
ആഭോഗി രാഗത്തിലെന്റെ കര്‍ണ്ണങ്ങളില്‍
ആഭൃംഗമോതിത൯ ഭോഗാനൂഭൂതികള്‍
ശാര്‍ദൂലവിക്രീഡിതത്തില്‍ പികയുഗം
ആര്‍ദ്രമായ് ചൊല്ലുന്നു പ്രേമ കാവ്യാമൃതം
വസ്ത്രം ശിലയിലലക്കും ചലശ്രോണി
വസ്ത്ര രഹിതം ചലിയ്ക്കും കുചദ്വയം
എത്ര മനോജ്ഞമാണീ മലനാടിന്റെ
ചിത്രമുല്‍കൃഷ്ടമസുലഭ സുന്ദരം
എത്ര ജന്മങ്ങളിനിയുമുണ്ടെങ്കിലും
അത്രയുമീ കൊച്ചു ഗ്രാമത്തിലാകണേ…
