മാറാട് കലാപ പരാമർശത്തിലൂടെ വിദ്വേഷ പ്രചരണം നടത്തിയ എ.കെ.ബാലനെതിരെ കേസെടുക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

ഫ്രറ്റേണിറ്റി റാലിയും പൊതുസമ്മേളനവും ഞായറാഴ്ച

കോഴിക്കോട്: മാറാട് കലാപ പരാമർശത്തിലൂടെ വിദ്വേഷ പ്രചരണം നടത്തിയ എ.കെ.ബാലനെതിരെ കേസെടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ ആവശ്യപ്പെട്ടു. സംഘ്പരിവാർ ഉയർത്തുന്ന ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരായി കേരളത്തിലെ സി.പി.എം നേതാക്കൾ മാറിയിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ് ലാമിയാകും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അങ്ങനെ മാറാട് ആവർത്തിക്കുമെന്നുമുള്ള എ.കെ.ബാലൻ്റെ പ്രസ്താവന അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്. അധികാരത്തുടർച്ചക്ക് വേണ്ടി വർഗീയ-ഇസ് ലാമോഫോബിയ രാഷ്ട്രീയം പയറ്റുന്ന സി.പി.എം ബി.ജെ.പിക്ക് വഴിതുറന്ന് കൊടുക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ‘വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി ജനു. 11 ഞായറാഴ്ച 4 മണിക്ക് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും വിശദീകരിച്ച് പ്രസ് ക്ലബ്ബിലെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

നവോത്ഥാനത്തിൻ്റെ പൈതൃകമുയർത്തുന്ന ശ്രീനാരായണീയ പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലിരുന്ന് നിരന്തരം വർഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ ഉടൻ തുറങ്കലിലടക്കണം.

വിദ്വേഷവും വംശീയതയും നാട്ടിൽ അതിരുകടന്നാണ് രാം നാരായൺ ഭാഗേലിനെ ബംഗ്ലാദേശിയെന്ന് വിളിച്ച് നമ്മുടെ നാട്ടിൽ തല്ലിക്കൊല്ലുന്നത്. ഹിന്ദുത്വ രാഷ്ട്രീയം പുറത്തുവിടുന്ന വംശീയ ബോധമാണ് രാം നാരായണിനെ കൊലപ്പെടുത്തിയത്. അദ്ദേഹത്തെ കൊലപ്പെടുത്തിയ മുഴുവൻ ആർ.എസ്.എസ് പ്രവർത്തകരെയും ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല.

വംശീയ, വിദ്വേഷ അജണ്ടകൾ തെരഞ്ഞെടുപ്പ് പ്രചാരണ മാർഗങ്ങളായി മാറുന്നത് അത്യധികം ആപത്താണ്. നാട്ടിൽ വളർന്നുവരുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സാഹോദര്യ രാഷ്ട്രീയത്തിലധിഷ്ഠിതമായ മുന്നേറ്റം അനിവാര്യമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

ഞായറാഴ്ച വൈകീട്ട് 4 മണിക്ക് വെള്ളയിൽ നിന്നാണ് വിദ്യാർത്ഥി-യുവജന റാലി ആരംഭിക്കുക. കുറ്റിച്ചിറ ഓപ്പൺ സ്പേസിൽ സമാപിക്കും. തുടർന്ന് അവിടെ പൊതുസമ്മേളനം നടക്കും. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ, രാം നാരായൺ ഭാഗേലിൻ്റെ സഹോദരൻ ശശികാന്ത് ഭാഗേൽ, എഴുത്തുകാരൻ കെ.കെ.ബാബുരാജ്, സാമൂഹിക പ്രവർത്തക അംബിക, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ, ആക്ടിവിസ്റ്റ് അഡ്വ.അമീൻ ഹസ്സൻ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡൻ്റ് ടി.കെ.മാധവൻ എന്നിവർ സംസാരിക്കും.

വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവര്‍:

അമീൻ റിയാസ് (സംസ്ഥാന വൈസ് പ്രസിഡന്റ്)
ലബീബ് കായക്കൊടി (സംസ്ഥാന വൈസ് പ്രസിഡന്റ്)
ഇജാസ് ഇഖ്ബാൽ (സംസ്ഥാന സെക്രട്ടറിയേറ്റംഗം)
ആയിഷ മന്ന (കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്)

Leave a Comment

More News