പത്തനംതിട്ട: പത്തനംതിട്ട ഏനാത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൈൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും നിരാശ മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്, യുവതി ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ ജോലി ചെയ്യുന്ന സ്കൂൾ അധികൃതർക്ക് ഒരു കത്ത് നല്‍കിയിരുന്നതായി കുറിപ്പില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് കത്ത് നല്‍കിയതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്കൂൾ അധികൃതർക്കുള്ള കത്തിൽ, ‘എന്റേതാകാമോ” എന്ന് അർദ്ധരാത്രിയിൽ എന്ന് സുഹൈൽ തന്നോടു ചോദിച്ചതായി യുവതി പറഞ്ഞിരുന്നു. കൂടാതെ, തന്നോടൊപ്പം കിടക്കണമെന്നും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കാനും അയാൾ ആവശ്യപ്പെട്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
സുഹൈൽ വാട്‌സ്ആപ്പിൽ തനിക്ക് മോശം സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും, ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സ്‌കൂൾ അധികൃതർക്ക് നല്‍കിയ കത്തിൽ യുവതി പറഞ്ഞിരുന്നു. എന്നാൽ, യാതൊരു നടപടിയും സ്വീകരിച്ചില്ല. പിന്നീടാണ് ഈ മാസം 14 ന് യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന് ശേഷം, മുഹമ്മദ് സുഹൈൽ അൻസാരിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു.
