തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ബ്രൂവറി പുറത്തിറക്കുന്ന ബ്രാണ്ടിയുടെ പേരിൽ മാറ്റം. ‘മലബാർ മിസ്റ്ററി’ എന്നായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍, ബെവ്കോ ബ്രാണ്ടിക്ക് ‘മിന്നൽ മാജിക്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പുതിയ പേര് എക്സൈസ് മന്ത്രി പ്രഖ്യാപിക്കും.
കേരളത്തിൻ്റെ സ്വന്തം മദ്യമായ ജവാൻ റമ്മിന് പിന്നാലെയാണ് സർക്കാർ ഉടമസ്ഥതയിൽ പുതിയ ബ്രാൻഡി വിപണിയിലെത്തുന്നത്. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസിൽ ജവാൻ ഉത്പാദിപ്പിക്കുമ്പോൾ, പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിലാണ് മിന്നൽ മാജിക് ബ്രാൻഡി പ്രധാനമായും തയ്യാറാക്കുന്നത്. ഇവിടെത്തെ പഴയ ഷുഗർ ഫാക്ടറി 2009ൽ മലബാർ ഡിസ്റ്റിലറീസ് ഏറ്റെടുത്തിരുന്നു. തുടർന്ന് 2024ലാണ് മദ്യ ഉത്പാദനത്തിനുള്ള സാങ്കേതികവും ഭരണപരവുമായ അനുമതികൾ ലഭിച്ചത്. പ്രതിദിനം 13,500 കേസ് മദ്യമാണ് പ്ലാൻ്റിൽ ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ അര ലിറ്റർ കുപ്പികളിലായിരിക്കും ഉത്പാദനം നടക്കുകയെങ്കിലും പിന്നീട് ഇത് ഒരു ലിറ്ററിലേക്ക് മാറ്റും. അര ലിറ്റർ മദ്യത്തിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മദ്യത്തിന് അനുയോജ്യമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്കോയുടെ പരസ്യം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ഏജൻസികളുടെ പരാതികളെ തുടർന്ന് ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. പരസ്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബെവ്കോ പിന്നീട് അവകാശപ്പെട്ടു. തുടർന്ന് മദ്യത്തിന്റെ പേര് നൽകാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു.
