ശബരിമല സ്വർണ്ണ മോഷണ കേസ് വെള്ളത്തില്‍ വരച്ച വര പോലെയാകും; എസ് ഐ ടിക്ക് ഇനി പ്രസക്തിയില്ല: വി ഡി സതീശൻ

വർക്കല: ശബരിമല സ്വർണ്ണ കവർച്ച കേസ് ഒരു പുരോഗതിയുമില്ലാതെ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എസ്‌ഐടിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും, എല്ലാവർക്കും ജാമ്യം നൽകി പുറത്തു പോകാൻ അവസരം നൽകുകയാണെന്നും സതീശൻ ആരോപിച്ചു. പ്രാഥമിക കുറ്റപത്രം സമർപ്പിക്കാൻ പോലും എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. കൂടുതൽ അറസ്റ്റ് നടത്താൻ എസ്‌ഐടി തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അകത്തുള്ളവരെ രക്ഷിച്ചില്ലെങ്കിൽ പുറത്തുള്ളവർ കുടുങ്ങും. തന്ത്രിയെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സത്യവാങ്മൂലം നൽകാൻ വൈകിയതിന് സർക്കാരിനെ പരിഹസിച്ചു. ഇപ്പോൾ നവോത്ഥാനവുമില്ല സ്ത്രീ പ്രവേശനവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാര്‍ ജയിൽ മോചിതനായി. ദ്വാരപാലക ശില്പ കേസിലും കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു, അവിടെ വെച്ചാണ് അദ്ദേഹം ആദ്യം അറസ്റ്റിലായത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതിനാൽ, പത്മകുമാർ ഉടൻ ജയിൽ മോചിതനാകും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ദ്വാരപാലക കേസിലെ ജാമ്യാപേക്ഷ സമർപ്പിച്ചത്.

Leave a Comment

More News