കേരള സ്റ്റോറിയെ കേരള പാരമ്പര്യം കൊണ്ട് നേരിടണം

ദോഹ: ജാതി മതവേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചു തകര്‍ത്ത് തല്സ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടു വളര്‍ത്താനുള്ള ഏതു ശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയുടെയും സാഹിത്യത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടത് മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയും അപരത്വവും സൃഷ്ടിക്കാനല്ല. എന്നാല്‍, കേരളത്തിന്റെ ഈ ശ്രേഷ്ഠ പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാനും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കാനുമാണ് കേരള സ്റ്റോറിയിലൂടെ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര സ്‌നേഹത്തിന്റെയും പങ്കു വെപ്പിന്റെയും ചേര്‍ത്തു നിര്‍ത്തലിന്റെയും കേരളീയ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു മാത്രമേ ഇത്തരം കുത്സിത ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ഉണര്‍ത്തി.

പ്രവാസി വെല്‍ഫെയല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ പുതിയ മണ്ഡലം ഭാരവാഹികളെ ആദരിച്ചു. വിമന്‍സ് ജസ്റ്റിസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നദീറാ അഹ്‌മദ് ആശംസാ പ്രസംഗം നിര്‍വഹിച്ചു. സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, അംജദ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ആരിഫ് വടകര സമാപനം നടത്തി. ജനറല്‍ സെക്രട്ടറി ബാസിം കൊടപ്പന ചടങ്ങ് നിയന്ത്രിച്ചു.

Video link: https://fromsmash.com/~JJcwOxlgh-dt

Leave a Comment

More News