കണ്ണൂർ: കോൺഗ്രസ് പാർട്ടി വിട്ട് പുതിയ സംഘടന രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് ദിവസം താനെത്തുമെന്ന അഭ്യൂഹം പ്രചരിപ്പിച്ചത് ചില മാധ്യമങ്ങളാണെന്നും, അത് ദുരുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ചതാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി വ്യക്തമാക്കി.
“ആദ്യം ഒരു ചാനൽ സംപ്രേഷണം ചെയ്ത അടിസ്ഥാനരഹിതമായ വാർത്ത പിന്നീട് നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളും മുഖ്യധാരാ മാധ്യമങ്ങളുടെ ഡിജിറ്റൽ വിഭാഗങ്ങളും ഏറ്റെടുത്തു. സത്യം മറയ്ക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഇത്തരം ശ്രമങ്ങൾ മാധ്യമ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്,” അദ്ദേഹം പറഞ്ഞു.
വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള എന്റെ പ്രതിബദ്ധത അചഞ്ചലമായി നിലനില്ക്കുകയും അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഇടതുപക്ഷ സർക്കാരിനെതിരെ ശക്തമായ പൊതുജനവികാരം സംസ്ഥാനത്ത് ഇതിനകം തന്നെ നിലനിൽക്കുന്നുണ്ടെന്നും, യുഡിഎഫ് ഗണ്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
