സീറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസ് 2025 സ്മരണിക ‘സിബാച്’ ചിക്കാഗോയിൽ പ്രകാശനം ചെയ്തു

ന്യൂജേഴ്‌സി: ചിക്കാഗോ സെൻറ് തോമസ് സിറോ-മലബാർ കത്തീഡ്രൽ ദേവാലയത്തിൽ 2025-ലെ സിറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ സ്മരണികയായ “സിബാച്”(Living Sacrifice Remembered) പ്രകാശനം ചെയ്തു. ഈസ്റ്റർ തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ 11:15-നായിരുന്നു ചടങ്ങ്.

ചിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് സ്മരണികയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, സഭയുടെ മുതിർന്ന അംഗവും സീനിയർ ഫോറം പ്രതിനിധിയുമായ പി. ഡി. ജോസഫ് (വക്കച്ചായൻ) ആദ്യപ്രതി ഏറ്റുവാങ്ങി. ഈ നിമിഷം വിശ്വാസപരമ്പരയുടെ തുടർച്ചയെ പ്രതിനിധീകരിക്കുന്നതും ശ്രദ്ധേയമായി.

2025 മെയ് 23 മുതൽ 25 വരെ ന്യൂജേഴ്സിയിലെ സോമർസെറ്റിൽ നടന്ന ചരിത്രപ്രധാനമായ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ ആത്മീയ അനുഭവങ്ങൾ, പ്രധാന പ്രഭാഷണങ്ങൾ, വിശ്വാസസാക്ഷ്യങ്ങൾ എന്നിവയാണ് ഈ സ്മരണികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സഭയുടെ ഐക്യത്തിന്റെയും ദിവ്യകാരുണ്യ ഭക്തിയുടെയും പ്രതീകമായി ഈ പ്രസിദ്ധീകരണം നിലകൊള്ളുന്നതായി മാർ ജോയ് ആലപ്പാട്ട് തൻ്റെ സന്ദേശത്തിൽ വ്യക്തമാക്കി.

ന്യൂജേഴ്സിയിലെ സോമർസെറ്റ് സെൻറ് തോമസ് സിറോ-മലബാർ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ സ്മരണിക പ്രസിദ്ധീകരണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും, പ്രതേകിച്ചു റവ .ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ട് (മുൻ വികാരി), റവ.ഫാ.ജോണിക്കുട്ടി പുലിശ്ശേരി (വികാരി), ട്രസ്റ്റിമാർ, എഡിറ്റോറിയൽ കമ്മിറ്റി അംഗങ്ങൾക്കും, വിവിധ സബ്-കമ്മിറ്റികൾക്കും, സന്നദ്ധപ്രവർത്തകർക്കും ബിഷപ്പ് അഭിനന്ദനങ്ങൾ അറിയിച്ചു.

“സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്” (യോഹന്നാൻ 6:51) എന്ന വചനത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഈ സ്മരണിക, വരും തലമുറകൾക്ക് വിലപ്പെട്ട ആത്മീയ സമ്പത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൗവിനീർ കമ്മിറ്റി അംഗങ്ങൾ: റോയ് മാത്യു, ടോം പെരുമ്പായിൽ, മിനേഷ് ജോസഫ്, സെബാസ്റ്റ്യൻ ആൻ്റണി, തെരേസ ടോമി, നിഷ അലക്സ്, മരിയേല പയ്യപ്പിള്ളി, റോസ് പോറവൻതട്ടിൽ, ജോർജ് ചെറിയാൻ, സജി ജേക്കബ് മുള്ളൂർ, ജിജോ തോമസ്, റോബർട്ട് ആന്റണി.

ട്രസ്റ്റിമാർ: റോബിൻ ജോർജ് (മുൻ ട്രസ്റ്റി ), ബോബി വര്ഗീസ് (മുൻ ട്രസ്റ്റി ) സുനിൽ ജോസ്, ലാസർ വെള്ളാറ, ബിജു ചക്കുപുരക്കൽ, സെബാസ്റ്റ്യൻ തോട്ടത്തിൽ.

വെബ് : stthomassyronj.org

Leave a Comment

More News