ഒരു ഡെന്റൽ ഡോക്ടറാകാൻ സ്വപ്നം കണ്ട് പഠിച്ച കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണം സവർണ്ണ യാഥാസ്തിഥികാരായ ചില അദ്ധ്യാപകരുടെ പ്രേരണമൂലമെന്ന് വിദ്യാർത്ഥിയുടെ പിതാവും സഹപാഠികളും അടിവരയിട്ട് പറയുന്നു. കുട്ടികൾക്ക് വെളിച്ചം പകരേണ്ട അദ്ധ്യാപകർ ആരാച്ചാരന്മാരാകുന്നു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസ് പരിശോധനയിൽ തെളിയുമോ അതോ സി.ബി.ഐ വരുമോ? നിസ്സാരമായ ഒരു ലോണിന്റെ പേരിൽ ഒരു കുട്ടിയും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയെങ്കിൽ അതിന് പ്രേരകശക്തിയായ കാരണങ്ങളെന്താണ്? കേരളത്തിന്റെ അഭിമാന സ്തംഭമായ വിദ്യാഭ്യാസ പഠനകേന്ദ്രങ്ങളിൽ ശാസ്ത്രം പഠിച്ചവർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന അദ്ധ്യാപകരുണ്ടെന്ന് കേൾക്കുമ്പോൾ അമ്പരപ്പ് മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ രംഗം അന്ധ കാരയുഗത്തിലേക്ക് പോകുകയാണോയെന്ന് ചിന്തിക്കുന്നു. ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കോപ്പിയടിച്ചു നേടിയതോ എന്ന് പരിശോധിക്കണം. ലോക മലയാളികൾക്കെല്ലാം നാണക്കേടുണ്ടാക്കിയ ഒരു ദളിത് വിദ്യാർത്ഥിയുടെ ദാരുണ അന്ത്യം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഒരു വിദ്യാർത്ഥിയെ ‘പുഴുത്ത പട്ടി, ജാതി പറഞ്ഞു നിന്റെ കൈയ്യും കാലും വെട്ടിയെടുക്കും’ തുടങ്ങിയ കാട്ടാളഭാഷ കേൾക്കുമ്പോൾ ഇയാൾ എങ്ങനെ അനാട്ടമി വിഭാഗം വകുപ്പ് മേധാവിയായി? ഈ കാട്ടുമനുഷ്യനെ കോളേജിൽ നിന്ന് പുറത്താക്കി കൂട്ടാളികൾക്കും ശിക്ഷ ഉറപ്പ് വരുത്തണം. ഭരണാധികാരികൾ മത രാഷ്ട്രീയ ഗുണ്ടകളെ, മതഭ്രാന്തന്മാരെ, പുഴുത്ത പട്ടി, പേപ്പട്ടികളെ പാലൂട്ടി വളർത്തുന്നത് ആർക്കുവേണ്ടി?
അദ്ധ്യാപനം ത്യാഗ സമർപ്പണത്തിന്റെ പര്യായമാണ്. ഇതുപോലുള്ള മതവർഗ്ഗീയ വാദികളെ വിദ്യാ കേന്ദ്രങ്ങളിൽ ആരാണ് നിയമിച്ചതെന്ന ചോദ്യമാണ് മുന്നിൽ തെളിയുന്നത്. അഴിമതി വീരന്മാരുള്ള നാട്ടിൽ ജാതി രാഷ്ട്രീയം നോക്കി ലക്ഷങ്ങൾ കോഴ വാങ്ങി പിൻവാതിൽ നിയമനം നടത്താറുണ്ട്. ഇതുപോലുള്ള മതരാഷ്ട്രിയ ഭ്രാന്തന്മാർ അദ്ധ്യാപകരായാൽ സ്‌നേഹത്തിന്റെ നീരുറവയെക്കാൾ ആത്മഹത്യ, കൊലപാതകം, പീഡനങ്ങൾ പെരുകുമെന്നതിൽ അത്ഭുതമില്ല. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ആത്മഹത്യാ പ്രേരണ കുറ്റത്തിന് വകുപ്പ് മേധാവിക്കൊപ്പം ഒരു അദ്ധ്യാപികക്കെതിരെയും കേസെടുത്തു സസ്‌പെൻഡ് ചെയ്തു. ഒരു അദ്ധ്യാപിക എന്ന് പറഞ്ഞാൽ ഒരമ്മ കൂടിയല്ലേ? ഈ സ്ത്രീ ആപ്പിളകിയ മത മാനസിക രോഗികൾക്കൊപ്പം തുള്ളണമായിരിന്നോ? കേരളത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന കയറില്ലാതെ കെട്ടിയിടുന്ന ഏർപ്പാട് തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഈ സസ്‌പെൻഷൻ എന്നത് ശമ്പളത്തോട് ഒരു സുഖവാസ ജീവിതമാണ്. മാസങ്ങൾ കഴിയുമ്പോൾ കാലിൽ പിടിച്ചു തോളിൽ കയറി അവർ തിരികെയെത്തും. കോളേജിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ ‘അമ്മ പറയുന്നു. ‘അന്വഷണം വെറും പുകമറ. തെളിവുകൾ നശിപ്പിച്ചു. എന്റെ കുഞ്ഞിന് നീതി ലഭിച്ചില്ല. അവന്റെ കണ്ണട പോലും കിട്ടിയില്ല. കുറ്റവാളികളായ അദ്ധ്യാപകരെല്ലാം ജോലിയിൽ കയറി’. പ്രബുദ്ധ കേരളമേ കഴുതയെ അലങ്കരിച്ചാൽ കുതിരയാകുമോ?
ഒരു പാവം വിദ്യാർഥിയുടെ ജീവൻ അപകരിച്ച വകുപ്പ് മേധാവിയും കൂട്ടരും ഒരു കുടുംബത്തിന്റെ ഏക ആശ്രയത്തെയാണ് തല്ലികെടുത്തിയത്. നവോത്ഥാന നായകന്മാരുടെ നാട്ടിൽ നായ്ക്കൾ പെറ്റുപെരുകുന്നു. നാടുവാഴി ഭരണമുണ്ടായിരുന്നപ്പോൾപോലും അനീതിക്കും, കുറ്റകൃത്യങ്ങൾക്കും തക്കതായ ശിക്ഷ നടപ്പാക്കിയിരുന്നു. കുറ്റകൃത്യങ്ങളെ ഗൗരവമായിട്ടാണവർ കണ്ടത്. ഇന്ത്യയെപോലെ ഒരു വികസ്വര രാജ്യത്ത് കേരളം എല്ലാം രംഗത്തും ഒന്നാം സ്ഥാനത്തെന്ന് പൊങ്ങച്ചം പറയുന്ന കൂട്ടത്തിൽ സ്വാമി വിവേകാന്ദൻ പറഞ്ഞ മതഭ്രത്തിലും ഞങ്ങൾ ഒന്നാം സ്ഥാനത്തെന്ന് കടുംനിറത്തിൽ എഴുതിച്ചേർക്കണം. മനുഷ്യരുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയെക്കാൾ പ്രധാനം ജാതിമതങ്ങളാണ്. ഈ ഡെന്റൽ കോളേജിലെ ജാതി അധിക്ഷേപങ്ങൾ ആര്യപൗരോഹിത്യത്തിന്റെ അനുരണനങ്ങളാണ്. ഈശ്വരൻ അനശ്വരനെന്നും ഈ ലോകജീവിതം നശ്വരമെന്നും, ഈശ്വരന് മുന്നിൽ കറുപ്പും വെളുപ്പും, ദരിദ്രനും സമ്പന്നനുമില്ലെന്ന് തിരിച്ചറിവില്ലാത്ത വിഡ്ഢികളുടെ ലോകം. ആരാണ് യഥാർത്ഥ ഈശ്വര വിശ്വാസി? ധാരാളം ദൈവങ്ങളെ പടച്ചിറക്കി അറിവില്ലാത്ത മനുഷ്യനെ അന്ധനാക്കി കാശുണ്ടാക്കുന്ന മനുഷ്യനോ അതോ ഈശ്വരചൈതന്യ മുള്ള മനുഷ്യനോ?
ഗുജറാത്തടക്കം തെക്കേ ഇന്ത്യക്കാർ കറുത്ത നിറമുള്ള ദ്രാവിഡവർഗ്ഗത്തില്‌പെട്ടവരെന്ന് അറിയാത്തവനാണോ പണ്ടെങ്ങോ കുടിയേറി വന്ന ഈ സവർണ്ണൻ? വിദ്യാലയങ്ങളിൽ കുട്ടികളുടെ ജാതിയും നിറവും രാഷ്ട്രിയവും അന്ധവിശ്വാസികളുടെ, അറിവില്ലാത്തവന്റെ അബോധമനസ്സിൽ കുടിയേറിയ പൈശാചിക ചിന്തകളാണ്. വികസിത രാജ്യങ്ങളിൽ നല്ലൊ രുപറ്റം മനുഷ്യർ നിരീശ്വരവാദികളാണ്. അവർക്ക് ജാതി മതനിറമില്ല. കുട്ടികളിൽ ആത്മ സംഘർഷം, ഭയം, ഭീതി വളർത്തുന്ന അധ്യാപകരെ തിരിച്ചറിയാൻ എന്ത് പരിശീലന പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്തുള്ളത്? കറുത്ത കോഴി വെളുത്ത മുട്ടയിടുന്നതുകൂടി ബഹുമുഖ ജാതി ഗവേഷണത്തിൽ ഉൾപ്പെടുത്തണം. സായിപ്പിനെയാണ് വെള്ളക്കാരൻ എന്ന് വിളിക്കുന്നത് അല്ലാതെ ഇരുണ്ട കറുത്ത നിറമുള്ള ഇന്ത്യക്കാരനെയല്ല. കേരളത്തിലെ ജാതി ഭീകരത വളമിട്ട് വളർത്തുന്നത് ആരാണ്?
ദളിത് വംശത്തിൽപ്പെട്ടവർ വിദ്യാസമ്പന്നരായാൽ മേല്ജാതിക്കാരന്റെ കീശ കീറു മെന്നറിയാം. വരും കാലങ്ങളിൽ അത് സംഭവിക്കുമെന്നോർക്കുക. അതാണ് ഗുരുദേവൻ പറഞ്ഞത് ‘സംഘടിച്ചു് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക’. ദാരിദ്ര്യത്തിൽ കഴിയുന്ന മനുഷ്യർക്ക് താങ്ങും തണലുമാകേണ്ടവർ അവരെ ദൈനംദിനം പീഡിപ്പിക്കുന്നത്, മതത്തിന്റെ മറവിൽ ഭിന്നത വളർത്തി അധികാരത്തിൽ വരുന്നവരെ പ്രബുദ്ധ കേരളം തിരിച്ചറിയുക. ഈ ഡെന്റൽ കോളേജിലെ ഒരു പെൺകുട്ടി സമൂഹത്തോട് പറയുന്നത് ‘ഇയാൾ സാറല്ല ഒരു മൃഗമാണ്’. ഇങ്ങനെ രാക്ഷസീയത്വരകളുള്ളവർ കേരളത്തിലെ പോലീസ് അടക്കം എല്ലാം സർ ക്കാർ സ്ഥാപനങ്ങളിലുമുണ്ട്. ജാതി രാഷ്ട്രീയം നോക്കി കൈക്കൂലി വാങ്ങി ജോലിയിൽ പ്രേവേശിപ്പിക്കുന്നവരുടെ ഒരു കണക്കെടുപ്പ് നടത്തുക ഇല്ലെങ്കിൽ വെള്ളയുടുപ്പ് ധരിച്ചുവ രേണ്ടവർ വെള്ളപ്പുതപ്പിച്ചു വരും. ഒരു തുണ്ടു ഭൂമിയില്ലാത്ത ഒരു ദരിദ്രന്റെ ദയനീയ ചിത്രം മരണത്തിന്റെയും ജീവിതത്തിന്റെയും വിഹ്വലനിമിഷങ്ങളാണ്. ഇതാണ് നമ്മുടെ ദാരിദ്ര്യമുക്ത ദരിദ്ര നാരായണന്മാരുടെ നാട്. ആരെയും ലജ്ജിപ്പിക്കുന്ന ജാതിഭ്രാന്ത് കേരളമണ്ണിൽ നിന്ന് ഇനിയും വരുന്ന സർക്കാർ തുടച്ചു നീക്കുക ഇല്ലെങ്കിൽ കേരളം മതവെറിയന്മാരുടെ നാടായി മാറുമെന്നോർക്കുക.
