ക്രൈസ്തവ ജീവിതം ക്രിസ്തുവിലേക്കുള്ള യാത്രയാണ്. ഈ ലോകത്തിന്റേതായ വഴികളിൽ, അതിന്റെ തിരക്കുകളിൽ സദാ വ്യാപൃതരായിരിക്കുന്ന നമുക്ക് ദൈവവചന കേന്ദ്രീകൃതമായും ക്രിസ്തു കേന്ദ്രീകൃതമായും കുടുംബബന്ധങ്ങളെ ആഴപ്പെടുത്താൻ വേദിയൊരുക്കുകയാണ് ഓരോ ഫാമിലി & യൂത്ത് കോൺഫറൻസും . വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും പങ്കുവയ്ക്കപ്പെടുന്ന കോൺഫറൻസുകൾ ആത്മീയമായി പുതുക്കപ്പെടാനും വളരാനുമുള്ള അവസരമൊരുക്കുന്നു. ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് അതുകൊണ്ടുതന്നെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കോൺഫറൻസിലെ സാന്നിധ്യം ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാൻ ധന്യമായ ചിന്തകൾ പകരുമെന്നത് ഉറപ്പ് .
ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും, പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു.
ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
ഈ കോൺഫറൻസ് ഹൃദയങ്ങൾ ശക്തിപ്പെടുകയും ബന്ധങ്ങൾ പുതുക്കപ്പെടുകയും ആത്മീയ ലക്ഷ്യബോധം ഉണ്ടാവുകയും ചെയ്യപ്പെടുന്ന വിശുദ്ധമായ ഒരു സമാഗമത്തിന്റെ വേദിയായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുടുംബങ്ങൾ വിശ്വാസത്തിൽ ഒരുമിച്ച് നടക്കുവാനും നമ്മുടെ യുവജനങ്ങൾ സഭയിലും ലോകത്തിലും സുവിശേഷത്തിന് സാക്ഷികളായി തങ്ങളുടെ വിളിയെ നെഞ്ചേറ്റുവാനും ഇത് പ്രചോദനമാകട്ടെ’.
ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം സമപ്രായക്കാരുമായി ശക്തമായ ബന്ധം വളർത്തിയെടുക്കാനും മുതിർന്ന തലമുറയെ അറിയാനും ആധ്യാത്മികമായി അറിവ് നേടാനും കോൺഫറൻസ് ദിനങ്ങൾ സഹായകമാകുമെന്ന് കോൺഫറൻസ് കോ ഓർഡിനേറ്റർ ഫാ. അലക്സ് ജോയി പറഞ്ഞു.
കോൺഫറൻസിന്റെ വൻ വിജയത്തിനായി വിപുലമായ സ്പോൺസർഷിപ്പ് പാക്കേജുകളും കോൺഫറൻസ് സുവനീർ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട് . ആകർഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി ജെയ്സൺ തോമസ് പറഞ്ഞു.
ദൈവവചനത്തിലും, വിശ്വാസം, പാരമ്പര്യം തുടങ്ങിയ വിഷയങ്ങളിലും ആഴമേറിയ ചിന്തകൾ പങ്കുവെക്കപ്പെടുന്ന കോൺഫറൻസുകളിൽ സമകാലിക വിഷയങ്ങളും ചർച്ചയാകാറുണ്ട്. ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽനിന്നും ലഭിക്കുന്ന നിറഞ്ഞ സഹകരണവും പങ്കാളിത്തവുമാണ് ഓരോ കോൺഫറൻസിനെയും വിജയത്തിലെത്തിക്കുന്നത് എന്ന് ട്രഷറാർ ജോൺ (സജി) താമരവേലിലും പറഞ്ഞു. .
പ്രശ്നങ്ങളിൽ സാന്ത്വനമാകുന്ന, മനസിനെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ, ഒപ്പം പരസ്പരം പിന്തുണ നൽകുന്ന ഒരുപിടി സൗഹൃദങ്ങൾ, ഹാൻഡ്സ് ഓൺ വർക് ഷോപ്പുകൾ …ഇങ്ങനെ കൂട്ടായ്മ മനോഭാവവും മനസിനെ ആത്മീയമായി ധന്യമാക്കുന്ന നിമിഷങ്ങളും കോൺഫറസിനെ പ്രത്യാശയുടെ ഇടമാക്കുന്നു. കുടുംബ സൗഹൃദങ്ങളിൽ വളരുന്നതിനും മുൻ വർഷങ്ങളിലെ കോൺഫറൻസുകളിൽ ലഭിച്ച ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി കോൺഫറൻസുകൾ സഹായിക്കുന്നു എന്ന് സുവനീർ എഡിറ്റർ ഡോ . റെബേക്കാ പോത്തൻ പറയുന്നു.
ആധ്യാത്മിക വഴികളിൽ, പ്രത്യേകിച്ച് ദൈവ വചനത്തിനൊപ്പം ജീവിതം നയിക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാൽ ആധ്യാത്മിക ജീവിതത്തിലെ വളർച്ചയെ ലക്ഷ്യമിട്ടാണ് കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് ജോയിന്റ് ട്രഷറാർ റിംഗിൽ റ്റി ബിജു കരുതുന്നു. .
പലപ്പോഴും കലുഷിതമായ ജീവിത സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും ദൈവകേന്ദ്രീകൃതമായി നേരിടുന്നതിനുള്ള ആത്മധൈര്യവും പ്രചോദനവും നമ്മിലേക്ക് പകർന്നിടുകയാണ് ഓരോ കോൺഫറൻസും . ദൈവവചനം പങ്ക് വെക്കപ്പെടുന്ന ഈ കൂട്ടായ്മയിൽ പങ്കുചേർന്ന് മറ്റ് കുടുംബങ്ങളുമായി, ആത്മീയതയുടെ ഈ തിരക്കിലേക്ക്, നമുക്ക് ഒത്തുചേരാം എന്ന് ജോയിന്റ് സെക്രട്ടറി ആശാ ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു..
കോൺഫറൻസ് വേദിയിലേക്ക് എത്തും മുൻപ് ഒരു നിമിഷം ശ്രദ്ധിക്കൂ…..
ജൂലൈ 15 ബുധനാഴ്ച വിൻഡ്ഹം ലാങ്കസ്റ്ററിൽ ആരംഭിക്കുന്ന ഫാമിലി & യൂത്ത് കോൺഫറൻസിലേക്ക് ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. യാത്ര തിരിക്കുന്നതിന് മുൻപായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. കോൺഫറൻസിൽ പങ്കെടുക്കാനെത്തുന്നവർക്കായി സംഘാടക സമിതി പുറപ്പെടുവിച്ച പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ സെക്രട്ടറി ജെയ്സൺ തോമസ് പങ്കുവെച്ചു .
പ്രധാന നിർദ്ദേശങ്ങളുടെ ചുരുക്കം താഴെ നൽകുന്നു:
രജിസ്ട്രേഷനും താമസസൗകര്യവും:
ഉദ്ഘാടന ദിവസം (ബുധനാഴ്ച) ഉച്ചയ്ക്ക് 12:00 മണി മുതൽ ഹോട്ടലിന്റെ പ്രധാന കവാടത്തിലുള്ള ലാംപീറ്റർ എക്സിബിറ്റ് ഹാളിൽ (Lampeter Exhibit Hall) രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
ഹോട്ടലിൽ എത്തുമ്പോൾ ആദ്യം ലഗേജുകൾ വാഹനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. ആദ്യം രജിസ്ട്രേഷൻ കൗണ്ടറിലെത്തി കോൺഫറൻസ് മെറ്റീരിയലുകളും റൂം കീയും കൈപ്പറ്റിയ ശേഷം മാത്രം ലഗേജുകൾ മുറികളിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക.
ബുധനാഴ്ച വൈകുന്നേരത്തെ പരിപാടികൾ:
ബുധനാഴ്ച വൈകുന്നേരം 4:00 മണിക്ക് ഡിന്നറോടെ കോൺഫറൻസ് നടപടികൾക്ക് തുടക്കമാകും. തുടർന്ന് 5:30-ന് അതത് ചർച്ച് ഏരിയകളുടെ നിശ്ചിത നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള പ്രൗഢഗംഭീരമായ ഉദ്ഘാടന ഘോഷയാത്ര നടക്കും. 6:30-ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.
കോൺഫറൻസിന്റെ ഭാഗമായി നടക്കുന്ന സ്പോർട്സ് ദിനത്തിലേക്കായി സൗകര്യപ്രദമായ വസ്ത്രങ്ങളും ഷൂസും കരുതണം. കൂടാതെ ഹോട്ടലിലെ സ്വിമ്മിംഗ് പൂൾ സൗകര്യം ഉപയോഗിക്കാൻ താല്പര്യമുള്ളവർ നീന്തൽ വസ്ത്രങ്ങൾ കരുതേണ്ടതാണ്. മരുന്നുകൾ ഉപയോഗിക്കുന്നവർ അവ കൈയിൽ കരുതേണ്ടതാണ്. വ്യാഴാഴ്ച രാത്രി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് താല്പര്യമെങ്കിൽ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളോ ഫോർമൽ വസ്ത്രങ്ങളോ ധരിക്കാവുന്നതാണ്.
വിശുദ്ധ കുർബാനയ്ക്കുള്ള പ്രത്യേക വസ്ത്രധാരണം (ശനിയാഴ്ച്ച):
കുർബാനയിൽ പങ്കാളികളാകുന്ന 21 വയസ്സിന് മുകളിലുള്ള വനിതകൾക്ക് കോൺഫറൻസിൽ നിന്നും ഓഫ്-വൈറ്റ് (ക്രീം) സാരികൾ നൽകുന്നതാണ്. ഇതിനൊപ്പം ധരിക്കാനായി ഗോൾഡ്, ക്രീം, അല്ലെങ്കിൽ മജന്ത നിറത്തിലുള്ള ബ്ലൗസ് പ്രതിനിധികൾ കരുതേണ്ടതാണ്. 21 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കായി കോൺഫറൻസിന്റെ പ്രത്യേക മജന്ത ടൈ നൽകുന്നതായിരിക്കും.
കോൺഫറൻസ് സംബന്ധിച്ച തത്സമയ അറിയിപ്പുകൾ ‘NEAD WhatsApp Community’ ഗ്രൂപ്പിലൂടെ പങ്കുവെക്കുന്നതാണെന്നും, എല്ലാ പ്രതിനിധികൾക്കും സുരക്ഷിതമായ യാത്ര ആശംസിക്കുന്നതായും സംഘാടകർ ആശംസിച്ചു.
വിവരങ്ങൾക്ക് :
കോഓർഡിനേറ്റർ: ഫാ. അലക്സ് കെ. ജോയി (ഫോൺ: 973-489-6440) fyc@neamericandiocese.org
സെക്രട്ടറി: ജെയ്സൺ തോമസ് (ഫോൺ: 917-612-8832)
ട്രഷറാർ : ജോൺ (സജി) താമരവേലിൽ (ഫോൺ : 917-533-3566)
