ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ അതിഗംഭീരമായി അരങ്ങേറാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 22-ന് ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും അദ്ദേഹത്തിന്റെ സംഗീതസംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശയുണ്ടാകും.
മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടംപിടിച്ചിട്ടുള്ള അനേകം ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഉൾപ്പെടെ വൈവിധ്യമാർന്ന ഗാനങ്ങളാൽ പ്രശസ്തനായ ബിജു നാരായണൻ, തന്റെ മധുരശബ്ദത്തിലൂടെ ഓണാഘോഷ വേദിയെ സംഗീതത്തിന്റെ ഉത്സവമാക്കി മാറ്റുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. കുടുംബസമേതം എത്തുന്ന പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഹൃദയസ്പർശിയായ സംഗീതവിരുന്നായിരിക്കും ഈ ലൈവ് കോൺസർട്ട്.
സംഗീതപരിപാടിക്കൊപ്പം കേരളത്തിന്റെ തനത് കലാസാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന മെഗാ തിരുവാതിര, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, കലാപരിപാടികൾ, നൃത്താവിഷ്കാരങ്ങൾ, വർണാഭമായ പൂക്കളം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. മെഗാ തിരുവാതിരയ്ക്ക് പ്രമുഖ നൃത്തപരിശീലക ബേബി തടവനാലിന്റെ നേതൃത്വത്തിൽ പരിശീലനം പുരോഗമിക്കുകയാണ്.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി പ്രമുഖ കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. എം. വി. പിള്ള പങ്കെടുക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖരും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കുമെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹികൾ അറിയിച്ചു.
പെൻസിൽവാനിയ, ന്യൂജേഴ്സി, ഡെലവെയർ സംസ്ഥാനങ്ങളിലെ നിരവധി മലയാളി സംഘടനകളെ ഒരുമിപ്പിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ വാർഷിക ഓണാഘോഷം, പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതു തലമുറയിലേക്ക് പകർന്നു നൽകുന്ന ഏറ്റവും വലിയ സാംസ്കാരിക വേദികളിലൊന്നായി മാറിക്കഴിഞ്ഞു. സംഗീതം, നൃത്തം, പാരമ്പര്യം, സൗഹൃദം, കുടുംബസംഗമം എന്നിവയെല്ലാം ഒരേ വേദിയിൽ കോർത്തിണക്കുന്ന ഈ മഹോത്സവത്തിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്ന് ചെയർമാനായ ശ്രീ. ലെനോ സ്കറിയ, ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ്, ട്രഷറർ ശ്രീ. രാജൻ സാമുവൽ, ഓണം ചെയർമാൻ ബിനു മാത്യു, പ്രോഗ്രാം കോർഡിനേറ്റർ റോണി വർഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.
ട്രൈസ്റ്റേറ്റ് കേരള ഫോറം എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹത്തായ ഓണാഘോഷത്തിലും ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതവിരുന്നിലും, ഓണ സദ്യയിലും പങ്കുചേർന്ന് ഓണത്തിന്റെ സന്തോഷവും ഐക്യവും ആഘോഷിക്കാൻ ടി കെ എഫ് ഓണാഘോഷ സംഘാടക സമിതി ഹാർദ്ദവമായി എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു.

