
കാവനൂർ: ആരോഗ്യ പരിചരണ മേഖലയിൽ 15 വർഷമായി സേവനം തുടരുന്ന മർകസ് യുനാനി ഹോസ്പിറ്റലിന്റെ സാറ്റലൈറ്റ് ക്ലിനിക് കാവനൂരിൽ പ്രവർത്തനമാരംഭിച്ചു. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ക്ലിനിക് ഉദ്ഘാടനം നിർവഹിച്ചു. മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തന്നൂർ, വടശ്ശേരി ഹസൻ മുസ്‌ലിയാർ, റഹ്മാൻ ഫൈസി കാവന്നൂർ, കാവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടക്കടവൻ, വൈസ് പ്രസിഡന്റ് ഉസ്മാൻ പി വി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡോ. അഹ്‌മദ് സക്കീം, ഡോ. മുഹമ്മദ് അജ്മൽ, ഡോ. ഉവൈസ്, ഡോ. മുഹമ്മദ് അനീസ് തുടങ്ങിയവർ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. സൗജന്യ ക്യാമ്പ് ഈ മാസം 20 വരെ നീളും. ജനറൽ മെഡിസിൻ കൂടാതെ സ്ത്രീ-ശിശു ആരോഗ്യം, ജീവിതശൈലി ആരോഗ്യം, അസ്ഥി-സന്ധി രോഗ ചികിത്സ, യുനാനി റെജിമെന്റൽ തെറാപ്പികൾ തുടങ്ങിയ വിവിധ സേവനങ്ങളും ക്ലിനിക്കിൽ ലഭ്യമാണ്.
