അഞ്ചരക്കണ്ടി ബിഡിഎസ് വിദ്യാർത്ഥി നിഥിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാമിനെ കര്‍ണ്ണാടകയില്‍ നിന്ന് നാടകീയമായി പിടികൂടി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർഎൽ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ ഒന്നാം പ്രതിയായ ഡോ. എംകെ റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോളേജിലെ ഡെന്റൽ അനാട്ടമി വിഭാഗം മുൻ മേധാവിയാണ് ഡോ. റാം.

സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ഡോ. റാമിനെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഞായറാഴ്ച രാത്രി കണ്ണൂരിലേക്ക് കൊണ്ടുവന്നതായി ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ സ്ഥിരീകരിച്ചു. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

ജൂൺ 19 ന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഡോ. റാം അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ജൂലൈ 13 ന് സുപ്രീം കോടതിയും അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്ന് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കർണാടകയിലേക്ക് പോയി, അവിടെ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഡോക്ടര്‍ റാം, ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒളിവില്‍ താമസിച്ചിരുന്നത്. താടി വെച്ച് രൂപം മാറിയായിരുന്നു താമസം.

ഒളിവില്‍ താമസിച്ച കാലത്ത് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതും റാമിനെ കണ്ടെത്തുന്നതില്‍ പൊലീസിനെ വലച്ചു. തുടര്‍ന്ന് റാമുമായി ബന്ധമുള്ളവരുടെ മൊബൈല്‍ ഫോണുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി. ഇതോടെയാണ് റാമിന്റെ ഒളിയിടങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. റാമിന്റെ നാടായ ചിറ്റൂരില്‍ ക്യാമ്പ് ചെയ്താണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിവന്നത്.

ഇതിനിടെ, ഗുണ്ടൂരിലേക്ക് മാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഗുണ്ടൂരിലെത്തിയപ്പോഴേക്കും, തൊട്ടുമുമ്പായി റാം അവിടെ നിന്നും കടന്നു കളഞ്ഞു. ആന്ധ്രയിലെ തെലുങ്കുദേശം പാര്‍ട്ടിയുടെ ഒരു നേതാവ് ഡോക്ടര്‍ റാമിന്റെ അടുത്ത ബന്ധുവാണ്. ഇയാളുടെ സംരക്ഷണമാണ് റാമിന് തുണയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപരിചിതരായ ആളുകളെ കാണുമ്പോള്‍ അപ്പോഴപ്പോള്‍ റാമിന് വിവരം കൈമാറിയിരുന്നു.

ഇതിനിടെ ഡോക്ടര്‍ റാം ബംഗളൂരുവിലേക്ക് കടന്നതായുള്ള സൂചനകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കുടകില്‍ ഡോക്ടര്‍ റാം എത്തിയതായി വിവരം ലഭിക്കുന്നത്. കുടകിലെ ഒളിയിടത്തില്‍ നിന്നും മറ്റൊരിടത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ്, ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം റാമിനെ പിടികൂടുന്നത്.

രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് ജില്ലാ കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം അവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ഡോക്ടര്‍ റാമിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മരിച്ച നിതിന്‍ രാജിന്റെ പിതാവ് രാജന്‍ അഭിപ്രായപ്പെട്ടു. നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന് പങ്കുണ്ട്. അയാള്‍ക്ക് ഒരു പങ്കുമില്ലെങ്കില്‍ ഇത്രയും കാലം പൊലീസിനെ വെട്ടിച്ച് ഒളിവില്‍ താമസിക്കേണ്ട കാര്യമില്ലല്ലോ. ഡോക്ടര്‍ റാം മാത്രമല്ല, നിതിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശികളായ വൈ. രാജന്റെയും സി.ആർ. ലതയുടെയും മകൻ നിതിൻ രാജ് ഏപ്രില്‍ 10 നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

നോയിഡ ആസ്ഥാനമായുള്ള ലോൺ ആപ്പ് ആയ ഇൻസ്റ്റാപേയുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ആപ്പ് നിതിൻ രാജിന് അമിത പലിശ നിരക്കിൽ വായ്പ നൽകിയതായും റിക്കവറി ഏജന്റുമാർ ആവർത്തിച്ച് ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഡിവൈഎസ്പി സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുന്നുണ്ട്. അതേസമയം, വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന ലോൺ ആപ്പ് ഇടപാടുകൾ ഡിവൈഎസ്പി ജീവൻ ജോർജ് അന്വേഷിക്കുന്നു.

Leave a Comment

More News