
തിരുവനന്തപുരം 21 ജൂലായ് 2026: പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി യുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘ഗാർഡിയൻസ് ഓഫ് ഗ്രീൻ 2026’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ വിവിധ വിദ്യാലയങ്ങളിൽ 7,500 വൃക്ഷത്തൈകൾ വിതരണം ചെയ്തു.
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധവും ഉത്തരവാദിത്തബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ, ഓരോ വിദ്യാർത്ഥിയും ഒരു തൈ വീട്ടിൽ നട്ടുവളർത്താൻ പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണ് ‘ഗാർഡിയൻസ് ഓഫ് ഗ്രീൻ’ പദ്ധതി. ചെറുപ്പം മുതൽ തന്നെ സുസ്ഥിര ജീവിതശൈലിയും പരിസ്ഥിതി സൗഹൃദ ശീലങ്ങളും വളർത്തിയെടുക്കാൻ സഹായകമാകുന്ന വിധത്തിൽ ആണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരംഭിച്ച ‘ഗാർഡിയൻസ് ഓഫ് ഗ്രീൻ 2026’ സി എസ് ആർ പദ്ധതിയിലൂടെ തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ 5,000 തൈകളും, കൊച്ചിയിലെ സ്കൂളുകളിൽ 2,500 തൈകളും വിതരണം ചെയ്യാൻ യു എസ് ടിയ്ക്കു സാധിച്ചു.
തിരുവനന്തപുരം ജില്ലയിൽ എസ്.എം.വി. സ്കൂൾ, കിഴക്കേക്കോട്ട; ജി.യു.പി.എസ്. എടവിളാകം, മുരുക്കുംപുഴ; ഗവ. എച്ച്. എസ്. എൽ. പി. എസ്. കുളത്തൂർ; എച്ച്. എസ്. എൽ.പി. എസ്. പാങ്ങോട്; ഗവ. ഹൈസ്കൂൾ പൂവത്തൂർ, നെടുമങ്ങാട്; അയ്യങ്കാളി–പഞ്ചമി സ്മാരക ഗവ. യു.പി. സ്കൂൾ; ജി. എൽ. പി. എസ്. ഈഞ്ചയ്ക്കൽ; ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പേരൂർക്കട; എൽ.പി.എസ്. കുഴിവിള, താന്നിവിള; ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ; ഗവ. യു.പി. സ്കൂൾ, കണിയാപുരം; ഗവ. ഹൈസ്കൂൾ, പ്ലാവൂർ; ഗവ. ഹൈസ്കൂൾ, ചാല; എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് തൈകൾ വിതരണം ചെയ്തത്.
അതേസമയം, കൊച്ചിയിൽ ഗവ. എൽ.പി. സ്കൂൾ, ഇരുമ്പനം, തൃപ്പൂണിത്തുറ; എസ്. എൻ. വി. സംസ്കൃതം യു.പി. സ്കൂൾ, ഏരൂർ; കെ. എം. എൽ. പി. സ്കൂൾ, ഏരൂർ; ജി.എച്ച്.എസ്. നാമക്കുഴി; ജി. യു.പി. സ്കൂൾ, വൈപ്പിൻ; ഗവ. വി.എച്ച്.എസ്.എസ്., അമ്പലമുകൾ. കരിമുകൾ; ഗവ. യു.പി.എസ്., കുമ്മനോട്, പട്ടിമറ്റം; ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വടക്കൻ പറവൂർ; ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പഴന്തോട്ടം; എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു.
‘ഗാർഡിയൻസ് ഓഫ് ഗ്രീൻ 2026’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം യുഎസ് ടി വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ മേനോൻ നിർവഹിച്ചു. യു എസ് ടി ജനറൽ മാനേജർ ഷെഫി അൻവർ; പ്രോസസ് ഇന്റലിജൻസ് അഡ്വൈസറി ആൻഡ് കൺസൾട്ടിങ് സർവീസ് പ്രാക്റ്റീസ് ഹെഡ് ഗായത്രി നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ സ്കൂളുകളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തത്. യു എസ് ടി സി എസ് ആർ ലീഡ് വിനീത് മോഹനൻ, സി എസ് ആർ അംബാസഡർ നന്ദ് സുന്ദരം; സി എസ് ആർ ലീഡ് രാമു കൃഷ്ണ; കേരള പി ആർ ആൻഡ് മാർക്കറ്റിങ് സീനിയർ ലീഡ് റോഷ്‌നി ദാസ് കെ; എന്നിവർ പങ്കെടുത്തു. ഈ സംരംഭത്തിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരാനും പ്രാദേശിക സമൂഹങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും ഉത്തരവാദിത്തബോധവും കൂടുതൽ ശക്തിപ്പെടുത്താനും സാധിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ വൃക്ഷത്തൈകൾ ബന്ധപ്പെട്ട സ്കൂളുകൾക്ക് നേരിട്ടാണ് കൈമാറിയത്.
“ഞങ്ങളുടെ സി എസ് ആർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘ഗാർഡിയൻസ് ഓഫ് ഗ്രീൻ’ പദ്ധതി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സുസ്ഥിര വികസനത്തോട് കമ്പനിയ്ക്കുള്ള പ്രതിബദ്ധതയും, സമൂഹവുമായി ചേർന്നുള്ള പ്രവർത്തനങ്ങളും, ഭാവി തലമുറകളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ശാശ്വതമായ അവബോധം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു സി എസ് ആർ പദ്ധതിയായി ഇതിനെ വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” യു എസ് ടി വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശിൽപ മേനോൻ പറഞ്ഞു.
‘ഗാർഡിയൻസ് ഓഫ് ഗ്രീൻ’ പദ്ധതിയോടനുബന്ധിച്ച്, കഴിഞ്ഞ വർഷം 140-ലധികം യുഎസ് ടി ജീവനക്കാർ പങ്കാളികളായി 15-ലധികം സ്കൂളുകളിൽ 5,000 വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുണ്ടായി. അതിനെ അപേക്ഷിച്ച്, ഈ വർഷത്തെ പരിപാടി കൂടുതൽ വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത്. 2026-ലെ പതിപ്പിൽ സംസ്ഥാനത്തെ രണ്ട് മേഖലകളിലായി കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയും, വൃക്ഷത്തൈകളുടെ വിതരണത്തിന്റെ വ്യാപ്തി ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു.
