അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്

ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിൽ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മർകസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം (സെപ്റ്റംബർ 05 ശനിയാഴ്ച) കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കും.

മുഹമ്മദ് നബിയെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ലോകപ്രശസ്ത പണ്ഡിതരും മുഫ്തിമാരും ദേശീയ നേതാക്കളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സമ്മേളനത്തിൽ പങ്കെടുക്കും. പ്രശസ്ത പ്രകീർത്തന സംഘമായ അൽ നൂർ ട്രൂപ്പിന്റെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും.

തിരുനബി ദർശനങ്ങളും അധ്യാപനങ്ങളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ലക്ഷ്യം .

സമ്മേളനപ്പൊലിമ വിളംബരം ചെയ്ത് ശനിയാഴ്ച വൈകുന്നേരം 4 ന് നഗരത്തിൽ 1500 കലാപ്രതിഭകൾ അണിനിരക്കുന്ന മെഗാ ദഫ്ഘോഷയാത്ര നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്‌, എസ് ജെ എം, എസ് എം എ സംസ്ഥാന-ജില്ലാ സാരഥികൾ, സാദാത്തുക്കൾ, ജാമിഅ മർകസ് മുദരിസുമാർ ഘോഷയാത്രക്ക് നേതൃത്വം നൽകും. മർകസ് കോംപ്ലക്സ് പരിസരത്ത് നിന്നാരംഭിച്ച് അരയിടത്തുപാലം മിനി ബൈപ്പാസ് വഴി സമ്മേളന നഗരിയിൽ ഘോഷയാത്ര സമാപിക്കും. ഉച്ചക്ക് 12 മുതൽ എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിൽ സാദത്ത് സംഗമം നടക്കും.

വൈകുന്നേരം 5 ന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ പൊതുസമ്മേളനത്തിന് തുടക്കമാവും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. മീലാദ് സമ്മേളനത്തിന്റെ മുഖ്യ ആകർഷകങ്ങളിലൊന്നായ ‘അൽ നൂർ’ മൗലിദ് ട്രൂപ്പിന്റെയും മറ്റു പ്രകീർത്തന സംഘങ്ങളുടെയും പ്രകടനം അരങ്ങേറും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തും.

കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി പി ഉബൈദുല്ല സഖാഫി,എസ്എസ്എഫ് പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ സഖാഫി, മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി സംസാരിക്കും.

സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, അബ്‌ദുറഹ്‌മാൻ ഫൈസി മാരായമംഗലം, പി ഹസൻ മുസ്‌ലിയാർ മുസ്‌ലിയാർ വയനാട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ. അബൂബക്കർ, മജീദ് കക്കാട്, മൻസൂർ ഹാജി ചെന്നൈ, എ പി അബ്ദുൽ കരീം ഹാജി ചാലിയം, അബ്‌ദുറഹ്‌മാൻ ഹാജി കുറ്റൂർ, ഉസ്മാൻ സഖാഫി തിരുവത്ര, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എ സൈഫുദ്ദീൻ ഹാജി തുടങ്ങിയവർ സംബന്ധിക്കും.

Leave a Comment

More News