ശ്രീനാരായണ ഗുരുവും നടരാജ ഗുരുവും
ശ്രീനാരായണ ഗുരുവിന്റെ ആത്മീയ,ദാർശനിക പാരമ്പര്യം അടുത്ത തലമുറയിലേക്ക് ഏറ്റവും ആഴത്തിൽ പകർന്നുനൽകിയ ശിഷ്യന്മാരിൽ പ്രമുഖനാണ് നടരാജ ഗുരു. പി. നടരാജൻ. 1895 ഫെബ്രുവരി 18-ന് ബെംഗളൂരുവിൽ ഡോ. പി. പൽപ്പുവിന്റെയും ഭഗവതിയമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. കേരളത്തിലെ സാമൂഹികപരിഷ്കരണ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന ഡോ. പൽപ്പുവിന് ശ്രീനാരായണ ഗുരുവുമായി ഉള്ള ബന്ധത്തെക്കുറിച്ചു നമ്മുടെ മുൻ അധ്യായങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ബാല്യത്തിൽ തന്നെ നടരാജന് ഗുരുവിന്റെ സാന്നിധ്യം അനുഭവിക്കാനുള്ള അപൂർവ അവസരം ലഭിച്ചു. 1899-ൽ, നാലു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അരുവിപ്പുറത്തെത്തി ശ്രീനാരായണ ഗുരുവിനെ ആദ്യമായി കണ്ടതായി നാരായണ ഗുരുകുല പാരമ്പര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ബെംഗളൂരുവിലും തിരുവനന്തപുരത്തുമുള്ള പൽപ്പുവിന്റെ വസതികളിലും ഗുരുവുമായി സമ്പർക്കം തുടരുവാനും കഴിഞ്ഞിട്ടുണ്ട്.
ബാല്യത്തിൽ ആരംഭിച്ച ഈ പരിചയം പിന്നീട് ആഴമേറിയ ഗുരു, ശിഷ്യബന്ധമായി വളർന്നു. ബെംഗളൂരു, തിരുവനന്തപുരം, ശ്രീലങ്കയിലെ കാൻഡി എന്നിവിടങ്ങളിലായിരുന്നു നടരാജ ഗുരുവിന്റെ വിദ്യാഭ്യാസത്തിന്റെ പ്രധാന ഘട്ടങ്ങൾ. തുടർന്ന് മദ്രാസ് പ്രസിഡൻസി കോളേജിൽ പഠിച്ച് സുവോളജിയിലും ജിയോളജിയിലും ഉന്നത വിദ്യാഭ്യാസം നേടി. ശാസ്ത്രവിദ്യാഭ്യാസത്തോടൊപ്പം തത്ത്വചിന്തയിലും ആത്മീയതയിലും അദ്ദേഹത്തിന് വലിയ താൽപര്യമുണ്ടായിരുന്നു. അറിവിനെയും ആത്മീയാന്വേഷണത്തെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഈ മനോഭാവമാണ് പിന്നീട് ഗുരുവിന്റെ ദർശനത്തെ ആധുനിക ലോകത്തിന്റെ ഭാഷയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
1922-ൽ നടരാജൻ ആലുവയിലെ അദ്വൈതാശ്രമത്തിലെത്തി ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശിഷ്യനായി ജീവിതം സമർപ്പിച്ചു. ഗുരുവിന്റെ സാന്നിധ്യത്തിൽ അദ്ദേഹം അദ്വൈതത്തിന്റെ ആന്തരിക അർത്ഥവും മനുഷ്യസമത്വത്തിന്റെ ആത്മീയ അടിസ്ഥാനവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കി. ഗുരുവിന് നടരാജന്റെ കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിലും ആത്മീയചിന്തയിലും മുന്നേറാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. പിന്നീട് യൂറോപ്പിലെത്തിയ നടരാജ ഗുരു വിദ്യാഭ്യാസവും തത്ത്വചിന്തയും കൂടുതൽ പഠിക്കുകയും പാശ്ചാത്യ ദാർശനിക ചിന്തകളെ അടുത്തറിയുകയും ചെയ്തു. കിഴക്കിന്റെയും പാശ്ചാത്യത്തിന്റെയും ചിന്താപാരമ്പര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ ദാർശനിക സംഭാവനയുടെ പ്രധാന സവിശേഷതയായി മാറി.
ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം നടരാജ ഗുരുവിന്റെ ചിന്തയിൽ കൂടുതൽ വിശാലമായ സർവമാനവിക ദർശനമായി വികസിച്ചു. ഗുരുവിന്റെ സന്ദേശം ഒരു പ്രത്യേക ജാതിയുടെയോ മതവിഭാഗത്തിന്റെയോ പരിഷ്കരണത്തിനുള്ള സന്ദേശമല്ലെന്നും മനുഷ്യന്റെ അന്തസ്സിനെയും ആത്മീയ ഏകതയെയും അടിസ്ഥാനമാക്കിയുള്ള സർവലൗകിക ദർശനമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജാതി, മതം, വർഗ്ഗം, ദേശം തുടങ്ങിയ പുറംവ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരിൽ നിലനിൽക്കുന്ന അടിസ്ഥാന ഏകതയാണ് യഥാർത്ഥ സത്യമെന്ന ഗുരുദർശനം അദ്ദേഹത്തിന്റെ ജീവിതചിന്തയുടെ കേന്ദ്രമായി.
ഗുരുവിൽ നിന്ന് നടരാജ ഗുരു സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം ആത്മീയത, ജീവിതത്തിൽ നിന്ന് വേർപെട്ട ഒന്നല്ല എന്ന തിരിച്ചറിവായിരുന്നു. ആത്മീയത വെറും ആചാരങ്ങളിലോ പുസ്തകജ്ഞാനത്തിലോ ഒതുങ്ങുന്നില്ല,മറിച്ച് മനുഷ്യന്റെ ചിന്തയിലും പെരുമാറ്റത്തിലും ബന്ധങ്ങളിലും അതിന്റെ പ്രതിഫലനം ഉണ്ടാകണം. മനുഷ്യനെ കൂടുതൽ സ്നേഹമുള്ളവനും വിവേകമുള്ളവനും സ്വതന്ത്രചിന്തകനുമാക്കുന്ന അറിവാണ് യഥാർത്ഥ ജ്ഞാനം. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തെ അദ്ദേഹം തൊഴിൽ നേടാനുള്ള ഉപാധിയായി മാത്രം കാണാതെ മനുഷ്യന്റെ ബോധത്തെ വിശാലമാക്കുന്ന മാർഗമായി കണ്ടു.
1923-ൽ നാരായണ ഗുരുകുലത്തിന്റെ ആരംഭം നടരാജ ഗുരുവിന്റെ വിദ്യാഭ്യാസദർശനത്തിലെ പ്രധാന ഘട്ടമായിരുന്നു. പിന്നീട് ഗുരുകുലപാരമ്പര്യം ഇന്ത്യയിലും വിദേശത്തും വ്യാപിച്ചു. അറിവും ആത്മീയതയും പ്രകൃതിയോടുള്ള അടുപ്പവും ലളിതമായ ജീവിതവും ആത്മപരിശോധനയും ഒരുമിച്ചുള്ള വിദ്യാഭ്യാസരീതിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗുരുവിന്റെ വിദ്യാഭ്യാസചിന്തയെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കുന്നതിൽ ഇത് നിർണായകമായി. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിക്ക് ശേഷം അദ്ദേഹത്തിന്റെ ദർശനം സംരക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തതിൽ നടരാജ ഗുരുവിന് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് ഗുരുവിന്റെ അദ്വൈതദർശനത്തെ ആധുനിക തത്ത്വചിന്തയുടെ ഭാഷയിൽ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. കിഴക്കൻ (ഭാരതീയ) ആത്മീയചിന്തയെയും പാശ്ചാത്യ ശാസ്ത്രീയ,ദാർശനിക ചിന്തയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഗുരുവിന്റെ ദർശനം ലോകമനുഷ്യന് പ്രസക്തമായ ജ്ഞാനപാരമ്പര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
നടരാജ ഗുരു ഗുരുവിന്റെ വാക്കുകൾ ആവർത്തിയ്ക്കാതെ,. ഗുരു നൽകിയ അടിസ്ഥാന തത്ത്വങ്ങളെ അദ്ദേഹം പുതിയ കാലത്തിന്റെ ഭാഷയിൽ വ്യാഖ്യാനിച്ചു. ഗുരു വിതച്ച ആത്മീയതയുടെ വിത്ത് നടരാജ ഗുരുവിന്റെ ചിന്തയിൽ വളർന്ന് സർവമാനവികതയുടെ സന്ദേശമായി മാറി. അതുകൊണ്ട് ഒരു യഥാർത്ഥ ശിഷ്യൻ ഗുരുവിനെ അനുകരിക്കുന്നവൻ മാത്രമല്ല, ഗുരുവിന്റെ ദർശനത്തെ മനസ്സിലാക്കി കാലത്തിനനുസരിച്ച് കൂടുതൽ വിശാലമാക്കുന്നവനുമാണ് എന്ന് നടരാജ ഗുരുക്കൾ തെളിയിച്ചു.
1973 മാർച്ച് 19-ന് വർക്കലയിലെ നാരായണ ഗുരുകുലത്തിൽ നടരാജ ഗുരു സമാധിയായി. എന്നാൽ അദ്ദേഹത്തിന്റെ ജീവിതവും ചിന്തയും ഗുരുവിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായി ഇന്നും നിലനിൽക്കുന്നു. ശ്രീനാരായണ ഗുരു മനുഷ്യന്റെ ഉള്ളിലെ ദൈവികതയും ഏകതയും തിരിച്ചറിയാൻ പഠിപ്പിച്ചപ്പോൾ, നടരാജ ഗുരു ആ ദർശനത്തെ ബൗദ്ധികവും ആഗോളവുമായ തലങ്ങളിലേക്ക് എത്തിച്ചു. ഗുരു തെളിച്ച ആത്മജ്ഞാനത്തിന്റെ ദീപം നടരാജ ഗുരു പുതിയ തലമുറകളിലേക്ക് ഒരു കെടാവിളക്കായി കൈമാറി. അതുകൊണ്ടുതന്നെ അവരുടെ ബന്ധം ഒരു സാധാരണ ഗുരു–ശിഷ്യബന്ധമല്ല മറിച്ചു ഒരു മഹത്തായ ആത്മീയദർശനം തലമുറകളിലൂടെ സഞ്ചരിക്കുന്നതിന്റെ അപൂർവവും, ഉജ്ജ്വലവുമായ പാരമ്പര്യമായി ഇന്നും തുടരുന്നു.
(….തുടരും)