ഹമദ് ടൗൺ മാർക്കറ്റിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ മുനിസിപ്പൽ കൗൺസിൽ നിർദേശം

ബഹ്റൈൻ: ബഹ്റൈനിലെ നോർത്തേൺ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഹമദ് ടൗണിലെ റൗണ്ട്എബൗട്ട് 10 മാർക്കറ്റിൽ പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും രൂക്ഷമായ ഗതാഗതക്കുരുക്കും വാഹനയാത്രക്കാർക്ക് വലിയ ദുരിതമാകുന്നു. ബ്ലോക്ക് 1208-ൽ സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പ്രവാസികളടക്കം നിരവധി താമസക്കാരെ പ്രശ്നം ബാധിക്കുന്നുണ്ട്.

മാർക്കറ്റിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ തവാദി ഔദ്യോഗിക നിർദേശം സമർപ്പിച്ചു. തിരക്കേറിയ സമയങ്ങളിൽ മാർക്കറ്റിന്റെ പ്രവേശന കവാടങ്ങളിലും പാർക്കിങ് മേഖലകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നതായും ചില സന്ദർഭങ്ങളിൽ റോഡിലൂടെയുള്ള ഗതാഗതം പോലും ദുഷ്കരമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടകളിലേക്ക് എത്തുന്നതിനു മുമ്പുതന്നെ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്തുന്നതിനായി ഏറെ സമയം ചെലവഴിക്കേണ്ടിവരുന്നതാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നം. മാർക്കറ്റിന് സമീപം പാർക്കിംഗ് ലഭിക്കാത്തതിനാൽ പലരും ദൂരെയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തി കാൽനടയായി എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഗതാഗത നിയമങ്ങൾ പാലിക്കാത്തതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതായി അൽ തവാദി വ്യക്തമാക്കി. ചില വാഹനയാത്രക്കാർ നിശ്ചിത ഗതാഗതപാതകൾ ഒഴിവാക്കി സഞ്ചരിക്കുന്നത് മാർക്കറ്റിലേക്കുള്ള പ്രവേശന, പുറത്തേക്കുള്ള വഴികളിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇതുമൂലം മറ്റു വാഹനങ്ങളുടെ സുഗമമായ സഞ്ചാരവും തടസ്സപ്പെടുന്നു.

പ്രശ്നത്തിന്റെ പ്രത്യാഘാതങ്ങൾ മാർക്കറ്റിലെത്തുന്ന ഉപഭോക്താക്കളിൽ മാത്രം ഒതുങ്ങുന്നില്ല. സമീപപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെയും ജോലി കഴിഞ്ഞ് മടങ്ങുന്നവരുടെയും ദൈനംദിന ജീവിതത്തെയും ഗതാഗതക്കുരുക്ക് ബാധിക്കുന്നുണ്ട്. നിത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഈ മാർക്കറ്റിനെ ആശ്രയിക്കുന്നവർക്ക് പാർക്കിങ് പ്രതിസന്ധി പതിവ് തലവേദനയായി മാറിയിരിക്കുകയാണ്.

പ്രശ്നപരിഹാരത്തിനായി വിവിധ നടപടികളാണ് നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള പാർക്കിങ് സൗകര്യങ്ങൾ പുനഃക്രമീകരിക്കുക, മാർക്കറ്റിന്റെ പ്രവേശന കവാടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക, വാഹനങ്ങൾക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള വഴികൾ മെച്ചപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. ഇതിലൂടെ വാഹനങ്ങളുടെ ഗതാഗതം കൂടുതൽ സുഗമമാക്കാനാകുമെന്നാണ് പ്രതീക്ഷ.

മുനിസിപ്പൽ കൗൺസിലിന്റെ ശുപാർശ തുടർനടപടികൾക്കായി ബഹ്റൈൻ മുനിസിപ്പൽ കാര്യ, കൃഷി മന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനാണ് നീക്കം.

Leave a Comment

More News