ചിക്കാഗോ: ല’യോ പതിനാലാമൻ മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഉടൻ നടക്കാനിരിക്കെ, അദ്ദേഹത്തിനായി പ്രാർത്ഥനയോടെ ചിക്കാഗോയിലെ വിശ്വാസികൾ.
ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടയിലാണ് ഹോളി നെയിം കത്തീഡ്രലിൽ എത്തിയ വിശ്വാസികൾ മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ അർപ്പിച്ചത്. സമീപകാലത്തെ ആരോഗ്യ പരിശോധനകളിലാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മാർപാപ്പ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
മാർപാപ്പയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കൽ വിദഗ്ധരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രായം 70കളിൽ ആണെങ്കിലും മാർപാപ്പ ആരോഗ്യവാനാണെന്നും ശസ്ത്രക്രിയയ്ക്കുശേഷം വേഗത്തിൽ സുഖം പ്രാപിക്കുമെന്നും നോർത്ത് വെസ്റ്റേൺ മെഡിസിൻ സർജറി പ്രൊഫസർ സാമുവൽ കിം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള വിശ്വാസികൾ തനിക്കൊപ്പമുണ്ടെന്നും പ്രാർത്ഥിക്കണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.
