ടെന്നസി: ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനം സന്ദർശിക്കുന്നതിനിടെ കാണാതായ 24 കാരൻ സാഹിൽ ജിലാനിയുടെ മൃതദേഹം അബ്രാംസ് വെള്ളച്ചാട്ടത്തിലെ ജലാശയത്തിൽ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഒക്ടോബർ എട്ടിനാണ് മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബർ അഞ്ചു മുതൽ സാഹിലുമായി ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ആശങ്കയിലായത്. ഫോണിന്റെ ലൊക്കേഷനും ലഭ്യമല്ലാതായി. പതിവായി വീട്ടുകാരുമായി ബന്ധപ്പെടാറുള്ള സാഹിലിന്റെ മൗനം അസാധാരണമായിരുന്നുവെന്ന് സഹോദരി അസ്മ ജിലാനി ബസ്റ്റമാന്റേ വ്യക്തമാക്കി.
ഒക്ടോബർ ആറിന് കുടുംബം പാർക്ക് റേഞ്ചർമാരെ സമീപിച്ച് സാഹിലിനെ കണ്ടെത്താൻ സഹായം തേടി. വനമേഖലയിൽ മൊബൈൽ സേവനം ലഭിക്കാത്ത സാഹചര്യം സാധാരണമാണെന്നതിനാൽ ആദ്യം കാത്തിരിക്കാൻ നിർദേശിച്ചതായി അസ്മയുടെ വിവരണത്തിൽ പറയുന്നു. ഒക്ടോബർ ഏഴിന് അബ്രാംസ് വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതയുടെ സമീപത്തെ പാർക്കിങ് സ്ഥലത്ത് സാഹിലിന്റെ വാഹനം കണ്ടെത്തി. പിന്നീട് വെള്ളച്ചാട്ടത്തിനടുത്തുനിന്ന് ഫോണും താക്കോലുകളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു.
വെള്ളച്ചാട്ടത്തിനടുത്തുള്ള ശക്തമായ ജലപ്രവാഹത്തിൽ അകപ്പെട്ട് സാഹിൽ മുങ്ങിമരിച്ചിരിക്കാമെന്നാണ് കുടുംബത്തിന്റെ നിഗമനം. എന്നാൽ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.
കുടുംബത്തെ കരുതലോടെ സ്നേഹിച്ചിരുന്ന യുവാവായിരുന്നു സാഹിലെന്ന് സഹോദരി അനുസ്മരിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ അമ്മയ്ക്ക് ജോലിയിൽനിന്ന് വിരമിക്കാൻ അവസരമൊരുക്കണമെന്നും വീട്ടിലെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. പിതാവിന്റെ ദന്തചികിത്സയ്ക്കും സഹായിക്കാൻ പദ്ധതിയിട്ടിരുന്നു. അടുത്തിടെ ജനിച്ച സഹോദരിയുടെ കുഞ്ഞിന് സമ്മാനങ്ങൾ വാങ്ങാനും വളരുമ്പോൾ സ്വയംരക്ഷ പരിശീലിപ്പിക്കാനും സാഹിൽ ഏറെ ആകാംക്ഷയിലായിരുന്നുവെന്നും കുടുംബം നൽകിയ വിവരണത്തിൽ പറയുന്നു.
മകന്റെ മരണവാർത്ത അറിഞ്ഞതിനെത്തുടർന്ന് സാഹിലിന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ, മാനസിക പിന്തുണ, സംസ്കാരച്ചടങ്ങുകൾ, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ എന്നിവയ്ക്കായി കുടുംബം ഗോഫണ്ട്മിയിലൂടെ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക തോന്നുമ്പോൾ അത് അവഗണിക്കാതെ ഉടൻ നടപടി സ്വീകരിക്കണമെന്ന് അസ്മ അഭ്യർഥിച്ചു. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയ്ക്കു പിന്നിലെ അപകടങ്ങളെ കുറച്ചുകാണരുതെന്നും നല്ല നീന്തൽപരിചയം മാത്രം സുരക്ഷ ഉറപ്പാക്കില്ലെന്നും അവർ ഓർമിപ്പിച്ചു.
