ശബരിമല തീർഥാടനത്തിന് കെഎസ്ആർടിസിയുടെ വിപുലമായ ഒരുക്കങ്ങൾ; മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561 ബസുകൾ

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് തീർഥാടനകാലത്ത് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. തീർഥാടകരുടെ തിരക്ക് മുൻകൂട്ടി കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളിലായാണ് പ്രത്യേക സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 561 ബസുകളും ആദ്യഘട്ടത്തിൽ സർവീസ് നടത്തും. തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ അധിക ബസുകൾ നിരത്തിലിറക്കാനും ആവശ്യമെങ്കിൽ ലീസ് അടിസ്ഥാനത്തിൽ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽനിന്നും പ്രത്യേക സർവീസ് കേന്ദ്രങ്ങളിൽനിന്നും പമ്പയിലേക്ക് അധിക സർവീസുകൾ നടത്തും. തീർഥാടനത്തിന്റെ വിവിധ ഘട്ടങ്ങളിലെ തിരക്ക് വിലയിരുത്തി സർവീസുകളുടെ എണ്ണം ക്രമീകരിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും പ്രത്യേക ബസ് സർവീസുകൾ പ്രവർത്തിക്കുക. ദീർഘദൂരങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർക്ക് പമ്പയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.

ശബരിമല തീർഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കലിലാണ് കൂടുതൽ ബസുകൾ വിന്യസിക്കുന്നത്. മണ്ഡലപൂജാ കാലത്ത് 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും ഇവിടെ സജ്ജമാക്കും. ചെങ്ങന്നൂരിൽ മണ്ഡലകാലത്ത് 60 ബസുകളും മകരവിളക്ക് സമയത്ത് 80 ബസുകളും സർവീസ് നടത്തും. കോട്ടയത്ത് യഥാക്രമം 50, 60 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

പമ്പയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബസുകളുടെ വിന്യാസത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന തീർഥാടകർക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും പ്രത്യേക പരിഗണന നൽകും.

പ്രത്യേക സർവീസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി രണ്ട് ഘട്ടങ്ങളിലായി ജീവനക്കാരെ നിയോഗിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയുമാണ് ചുമതലപ്പെടുത്തുക.

ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരും 225 കണ്ടക്ടർമാരും സേവനത്തിലുണ്ടാകും. രണ്ടാംഘട്ടത്തിൽ ഡ്രൈവർമാരുടെ എണ്ണം 375 ആയും കണ്ടക്ടർമാരുടെ എണ്ണം 275 ആയും ഉയർത്തും. ഇവർക്കുപുറമെ ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരെയും വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കും.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബസുകളുടെ അറ്റകുറ്റപ്പണികളും സാങ്കേതിക തകരാറുകളും വേഗത്തിൽ പരിഹരിക്കുന്നതിനായി മെക്കാനിക്കൽ ജീവനക്കാർക്ക് വാഹന നിർമാണ കമ്പനികളുടെ സഹകരണത്തോടെയുള്ള പ്രത്യേക പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്.

തീർഥാടക സംഘങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേന ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കും. ഇതോടൊപ്പം ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പമ്പയിലേക്ക് പ്രത്യേക ബസുകൾ അനുവദിക്കും. ആവശ്യകതയും തീർഥാടകരുടെ എണ്ണവും പരിഗണിച്ചായിരിക്കും ഇത്തരം സർവീസുകൾ ക്രമീകരിക്കുക.

തീർഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനത്തെ എഴുപതിലധികം ക്ഷേത്രങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ ക്ഷേത്രങ്ങളുടെ വിശദവിവരങ്ങൾ കെഎസ്ആർടിസി ഉടൻ പ്രസിദ്ധീകരിക്കും. ജനപ്രതിനിധികളിൽനിന്നുള്ള നിർദേശങ്ങളും പ്രാദേശിക ആവശ്യങ്ങളും പരിഗണിച്ച് പുതിയ സർവീസുകളും അധിക ട്രിപ്പുകളും അനുവദിക്കും.

തീർഥാടനകാലത്തെ ഗതാഗതക്കുരുക്കും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരമാവധി കുറയ്ക്കുന്നതിനായി പമ്പയിലും നിലയ്ക്കലിലും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും. ബസ് പാർക്കിങ് കേന്ദ്രങ്ങൾ, ഗാരേജുകൾ, ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ, താമസസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്താനാണ് തീരുമാനം.

നിലയ്ക്കലിൽ ബസുകൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥലം ഉറപ്പാക്കുന്നതോടൊപ്പം അനധികൃത പാർക്കിങ് കർശനമായി നിയന്ത്രിക്കും. ബസ് സ്റ്റേഷൻ പരിസരത്ത് ക്രമസമാധാനവും ഗതാഗത നിയന്ത്രണവും ഉറപ്പാക്കാൻ പൊലീസിന്റെ സഹായവും തേടും.

ത്രിവേണിയിൽ യാത്രക്കാർക്കായി പ്രത്യേക വെയിറ്റിങ് ഷെഡുകളും ബാരിക്കേഡ് സംവിധാനങ്ങളും ഒരുക്കും. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ സുരക്ഷിതമായി ബസുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

തീർഥാടകരുടെ വരവും മടക്കയാത്രയും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അതിനനുസരിച്ച് ബസുകൾ വിന്യസിക്കുന്നതിനുള്ള ഏകോപന സംവിധാനം ശക്തമാക്കും. പമ്പ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സർവീസുകളുടെ സമയക്രമവും ബസുകളുടെ ലഭ്യതയും നിരന്തരം വിലയിരുത്തും.

നിലയ്ക്കൽ–പമ്പ റൂട്ടിലും മറ്റ് പ്രധാന തീർഥാടന കേന്ദ്രങ്ങളിലും അനധികൃത സമാന്തര സർവീസുകൾ നിയന്ത്രിക്കുന്നതിനും നടപടികൾ സ്വീകരിക്കും. അനധികൃത പാർക്കിങ്ങും ഗതാഗത തടസ്സങ്ങളും ഒഴിവാക്കാൻ പൊലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.

പമ്പ, ചെങ്ങന്നൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങൾ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീർഥാടനകാലത്ത് ഉയർന്നുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനുമാണ് സമിതികൾക്ക് രൂപം നൽകുന്നത്.

ശബരിമല തീർഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് പരാതികൾക്കിടയില്ലാത്തതും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. മണ്ഡല–മകരവിളക്ക് തീർഥാടനകാലത്തെ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Comment

More News