
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി മുംബൈ പോലീസ്. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പിടികൂടിയ മൂന്ന് പ്രതികളെ മുംബൈയിലെത്തിച്ചു. ഒക്ടോബർ 21 ബുധനാഴ്ച പുലർച്ചെ 3.30ഓടെയാണ് മുംബൈ പോലീസിന്റെ ആന്റി എക്സോർഷൻ സെൽ (എഇസി) സംഘം പ്രതികളുമായി നഗരത്തിലെത്തിയത്. സുരക്ഷാ കാരണങ്ങളാലും ചോദ്യം ചെയ്യലിന്റെ ഭാഗമായും യാത്രയ്ക്കിടെ നാലിലേറെ തവണ വാഹനങ്ങൾ മാറ്റിയതായാണ് വിവരം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം മൂന്ന് പ്രതികളെയും കോട്ടയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. യാത്രയ്ക്കിടെ പ്രതികളെ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് പലതവണ മാറ്റിയതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. യാത്രയിലുടനീളം ഉദ്യോഗസ്ഥർ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന, പ്രതികളുടെ മുൻകാല ബന്ധങ്ങൾ, നിർദേശങ്ങൾ നൽകിയവർ, ആയുധങ്ങൾ ലഭ്യമാക്കിയവർ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെടാൻ സ്വീകരിച്ച മാർഗങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ട്രെയിൻ യാത്ര ഒഴിവാക്കി സൂറത്തിലേക്ക് ടാക്സിയിൽ പോകാൻ തീരുമാനിച്ചതിന്റെ കാരണമാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതികൾ ആദ്യം ലോക്കൽ ട്രെയിനിൽ ബോറിവാലിയിലെത്തുകയും അവിടെ നിന്ന് സൂറത്തിലേക്ക് ടാക്സിയിൽ യാത്ര തുടരുകയുമായിരുന്നു. ഈ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ, രക്ഷപ്പെടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
മുംബൈയിലെത്തിച്ച പ്രതികളെ ക്രൈംബ്രാഞ്ച് സംഘം നേരിട്ട് ജിടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏകദേശം 20 മിനിറ്റിനുള്ളിൽ വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം കനത്ത സുരക്ഷയിൽ ആന്റി എക്സോർഷൻ സെൽ ഓഫീസിലേക്ക് മാറ്റി. പുലർച്ചെ നാലുമണിയോടെ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസും ഓഫീസിലെത്തി ചോദ്യം ചെയ്യലിന് നേതൃത്വം നൽകി. പ്രതികളുടെ അഭിഭാഷകനായ അജിങ്ക്യ മിർഗലും എഇസി ഓഫീസിലെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതിനിടെ, കേസുമായി ബന്ധപ്പെട്ട അന്വേഷണം ഡൽഹിയിലേക്കും വ്യാപിപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ സംഘടിപ്പിക്കുന്നതിലും പ്രതികൾക്ക് എത്തിച്ചുനൽകുന്നതിലും പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കുനാൽ, സുമിത്, രാധ, ബബിത എന്നിവരാണ് പിടിയിലായത്. ഇവരെ തുടർനടപടികൾക്കായി മുംബൈ പോലീസിന് കൈമാറി.
കുനാലും സുമിത്തും ആക്രമണത്തിന് ആവശ്യമായ തോക്കുകൾ സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം. രാധയും ബബിതയും മുംബൈയിലെ ദാദറിൽ എത്തി മൂന്ന് അക്രമികൾക്ക് ആയുധങ്ങൾ കൈമാറിയതായും പോലീസ് സംശയിക്കുന്നു. ആയുധങ്ങൾ എവിടെ നിന്നാണ് ലഭിച്ചത്, ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണ്, ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് ബോളിവുഡ് താരം ജാക്കി ഷ്രോഫിന്റെ മകനും നടനുമായ ടൈഗർ ഷ്രോഫിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. മുംബൈയിലെ ജുഹുവിൽ ഫുട്ബോൾ കളിച്ചശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ടൈഗർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ വീടിന്റെ കോമ്പൗണ്ട് ഗേറ്റിന് സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ കടന്നുപോകുമ്പോൾ രണ്ടുപേർ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
അക്രമികൾ ആറുമുതൽ ഏഴുവരെ റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിനിടെ ഒരാൾ ടൈഗർ ഷ്രോഫിന് വളരെ അടുത്തെത്തി അദ്ദേഹത്തെ നേരിട്ട് ലക്ഷ്യമിട്ടതായും പറയപ്പെടുന്നു. എന്നാൽ, വെടിയുതിർക്കാൻ ശ്രമിക്കുന്നതിനിടെ തോക്കിന് സാങ്കേതിക തകരാർ സംഭവിച്ചതോടെ നടൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ടൈഗറിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റതായും വിവരമുണ്ട്.
സംഭവം ആസൂത്രിതമായ ആക്രമണമാണോ, വ്യക്തിവൈരാഗ്യമോ ഭീഷണിപ്പെടുത്താനുള്ള ശ്രമമോ ഇതിന് പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. പിടിയിലായവരുടെ മൊഴികളും യാത്രാവിവരങ്ങളും ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധിക്കുന്നതിലൂടെ ആക്രമണത്തിന്റെ യഥാർഥ ലക്ഷ്യവും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെയും കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
