എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കമായി; ഇത്തവണ പരീക്ഷയെഴുതുന്നത് 4.26 ലക്ഷം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തുടക്കമായി. 4,26,999 വിദ്യാര്‍ഥികള്‍ റഗുലറായും 408 വിദ്യാര്‍ഥികള്‍ പ്രൈവറ്റായും പരീക്ഷയ്ക്കിരിക്കുന്നു. പരീക്ഷയുടെ ആദ്യദിവസമായ ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടന്നത്. അടുത്ത മാസം 29 ന് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കും. ആകെ പരീക്ഷയ്ക്കിരിക്കുന്നതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,707 പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. ആകെ 2962 പരീക്ഷാ സെന്ററുകളാണ് ഉള്ളത്. ഗള്‍ഫ് മേഖലയിലെ ഒന്‍പത് പരീക്ഷാ സെന്ററുകളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ ഒന്‍പതു സെന്ററുകളില്‍ 882 വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നു. ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്ന് 70% മാര്‍ക്കിനുള്ള ചോദ്യങ്ങളാണുള്ളത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ നടത്തുന്നത്. മാസ്‌കും സാനിട്ടെസറും നിര്‍ബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഹയര്‍സെക്കന്‍ഡറി വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ബുധനാഴ്ച മുതല്‍ തുടക്കമായി.

വാളയാറില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചു; രണ്ട് മരണം

  പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലജി, മുരുകന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായായിരുന്നു ഇവര്‍.

കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്; ഒരു മരണം, ആകെ മരണം 67,865 ആയി

കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം 17, ആലപ്പുഴ 15, കണ്ണൂര്‍ 12, കാസര്‍ഗോഡ് 6, വയനാട് 6, പാലക്കാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,655 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 271 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 52 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3410 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

കെ റെയില്‍: എല്‍ഡിഎഫ് നേതാക്കള്‍ പ്രചരണത്തിനിറങ്ങുന്നു

തിരുവനന്തപുരം: കെ റെയിലില്‍ പ്രതിഷേധം തണുപ്പിക്കാന്‍ എല്‍ഡിഎഫ് നേതാക്കള്‍ പ്രചരണത്തിനിറങ്ങുന്നു.പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ നേരിടാന്‍ ഏപ്രില്‍ 19ന് വിപുലമായ യോഗം സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. ജില്ലാ അടിസ്ഥാനങ്ങളില്‍ ബോധവത്കരണ യോഗങ്ങള്‍ സംഘടിപ്പിക്കും. വീടുകളില്‍ കയറിയുള്ള ബോധവത്കരത്തിനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പ്രതിപക്ഷ സമരത്തെയും ജനകീയ ചെറുത്തുനില്‍പുകളെയും നേരിടാനാണ് ഇടത് നീക്കം. കല്ലൂരുക എന്നത് പ്രതിപക്ഷ നേതാവിന് ഒരു രോഗമായി മാറിയിരിക്കുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പരിഹസിച്ചു. എവിടെ കെ റെയില്‍ സര്‍വേക്കല്ലിട്ടാലും അത് പിഴുതെറിയുമെന്ന സതീശന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിജയരാഘവന്റെ മറുപടി. പ്രതിപക്ഷ നേതാവിന് ഒരു രോഗം പോലെയാണിത്. കെ റെയിലിന്റെ കല്ലെടുത്ത് ഇട്ടിട്ട് ഇപ്പോള്‍ ഏത് കല്ലുകണ്ടാലും എടുത്ത് ഇടും. അതൊരു രോഗമാണ്- വിജയരാഘവന്‍ പറഞ്ഞു. സര്‍വേയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞിട്ടുണ്ട്. നാട്ടില്‍…

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരേ അപ്പീലിന് പോകാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത ദിവസങ്ങളില്‍ തന്നെ വിധിക്കെതിരേ പ്രോസിക്യൂഷന്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കും വിധിക്കെതിരെ കന്യാസ്ത്രീയും അപ്പീല്‍ നല്‍കുന്നുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജനുവരി 14ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2018 ജൂണ്‍ 28ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.    

കെ റെയിലില്‍ വിശദീകരണത്തിനെത്തിയ മാവേലിക്കര എം.എല്‍.എയ്ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: മാവേലിക്കര എം.എല്‍.എ. എം.എസ്. അരുണ്‍കുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. മാവേലിക്കര പടനിലത്തുവെച്ചായിരുന്നു സംഭവം കെ റെയില്‍ വിശദീകരണത്തിന്റെ ഭാഗമായി സി.പി.എം. എം.എല്‍.എമാരും നേതാക്കളുമെല്ലാം വീടുകളിലെത്തി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു വിശദീകരണത്തിന്റെ ഭാഗമായി പടനിലത്ത് എത്തിയപ്പോഴാണ് വീട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം അരുണ്‍കുമാറിനെ അറിയിച്ചത്. പ്രായമായ, സ്ത്രീകള്‍ അടക്കമുള്ളവരാണ് വീടും സ്ഥലവും മറ്റും നഷ്ടപ്പെടുന്നതിലുള്ള പ്രതിഷേധം ഉന്നയിച്ചത്. ഇതിനു പിന്നാലെ അരുണ്‍കുമാര്‍ വീട്ടില്‍നിന്ന് മടങ്ങുകയായിരുന്നു. അഭിപ്രായം അറിയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നായിരുന്നു വിഷയത്തെക്കുറിച്ചുള്ള എം.എല്‍.എ. ഓഫീസില്‍ നിന്നു വന്ന വിശദീകരണം.

എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം ഉദ്യോഗസ്ഥ നല്‍കട്ടെയെന്ന് സര്‍ക്കാര്‍

കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. എന്നാല്‍ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നല്‍കിയ അപ്പീലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. എന്നാല്‍, വിഷയത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ല ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി വേനലവധിക്ക് ശേഷം വിശദമായി വാദം കേള്‍ക്കാനായി മാറ്റിവെച്ചു.

ഗര്‍ഭാവസ്ഥയിലുള്ള ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കി കൊന്നു, 37-കാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കി കൊന്നു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തമിഴ്‌നാട് പുതുക്കോട്ടയിലെ സെന്തിലി(37)നെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. ടി.ടി.സുവര്‍ണന്‍ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് പട്ടണത്തിലെ ഒരു ഹോട്ടലിലെ തൊഴിലാളിയാണ് സെന്തില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഹോട്ടലിന്റെ പിറകിലെ മതില്‍ച്ചാടിക്കടന്ന ഇയാള്‍ രണ്ടു ആടുകളില്‍ ഒന്നിനെ കൂട്ടില്‍ നിന്നു പുറത്തിറക്കിയാണ് ക്രൂരത കാട്ടിയത്. കൂടിനു പുറത്ത് ആടു ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ തൊട്ടടുത്തുണ്ടായിരുന്ന സെന്തിലിനെ പിടികൂടുകയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസെത്തി ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. ലൈംഗിക വൈകൃതം നടന്നതായി ആടിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്)കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.

വാഹന പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം മരിച്ചു

മലപ്പുറം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ജലീല്‍. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രണ്ടുപേരുമായി പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ബൈക്കിലെത്തിയ സംഘം അബ്ദുള്‍ ജലീല്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തര്‍ക്കത്തിനിടെ ഒരാള്‍ കൈയില്‍ കരുതിയിരുന്ന വടിവാളെടുത്ത് ജലീലിനെ വെട്ടുകയായിരുന്നു സംഭവത്തില്‍ പ്രതികളിലൊരാളായ അബ്ദുല്‍ മജീദ് പോലീസിന്റെ പിടിയിലായി. മറ്റൊരു പ്രതി ഷുഹൈബിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ മന്ത്രിസഭാ തീരുമാനം; പുതിയ മദ്യനയം വരുന്നു

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാല്‍, ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും യോഗത്തെ അറിയിച്ചു. ഇതേ തുടര്‍ന്ന് എതിര്‍പ്പ് അവസാനിപ്പിച്ച് വഴങ്ങിയ സിപിഐ മന്ത്രി കെ. രാജന്‍, ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞു. പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ തുടരും. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്ക് അനുമതി നല്‍കും. രണ്ടു മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള ,…