റഷ്യയിലെ എല്ലാ അമേരിക്കക്കാരും ‘ഉടൻ’ രാജ്യം വിടണം: സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയിലെ അമേരിക്കക്കാർ ഉടൻ രാജ്യം വിടണമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച ശുപാർശ ചെയ്തു.

“ഇപ്പോഴും ലഭ്യമായ വാണിജ്യപരമായ ഓപ്ഷനുകൾ വഴി യുഎസ് പൗരന്മാർ ഉടൻ റഷ്യ വിടുന്നത് പരിഗണിക്കണം,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയിലേക്ക് പോകരുതെന്ന് യുഎസ് പൗരന്മാരോട് മുമ്പ് അഭ്യർത്ഥിച്ചിരുന്നു.

അന്താരാഷ്ട്ര ഉപരോധങ്ങൾ മുറുകുന്തോറും റഷ്യയിൽ നിന്ന് പുറത്തുകടക്കാനുള്ള ഓപ്ഷനുകൾ അതിവേഗം കുറയുകയാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നൽകി. പല രാജ്യങ്ങളും റഷ്യൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്.

റഷ്യയിലെ യുഎസ് പൗരന്മാർക്ക് പതിവ് അല്ലെങ്കിൽ അടിയന്തര സേവനങ്ങൾ നൽകാനുള്ള യുഎസ് സർക്കാരിന്റെ കഴിവ് വളരെ പരിമിതമാണെന്നും പ്രസ്താവനയിൽ പറയുന്നു.

റഷ്യൻ ഗവൺമെന്റ് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് യുഎസ് പൗരന്മാർ ഉപദ്രവം നേരിടേണ്ടി വരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മോസ്‌കോയിലെ യുഎസ് എംബസിയിലെ അത്യാവശ്യ സേവനം ആവശ്യമില്ലാത്ത ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യം വിടാൻ അനുമതിയുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ മാർഗനിർദേശം.

അതേസമയം, ബെലാറൂസില്‍ റഷ്യ-ഉക്രൈന്‍ സമാധാന ചര്‍ച്ച തുടരുന്നു. റഷ്യന്‍ സേനയുടെ പിന്മാറ്റവും വെടിനിര്‍ത്തലുമാണ് പ്രധാന അജണ്ട. ബെലാറൂസ് അതിര്‍ത്തിയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവാണ് യുക്രൈന്‍ സംഘത്തെ നയിക്കുന്നത്. ചര്‍ച്ചകള്‍ മൂന്നാം റൗണ്ടിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ ധാരണക്ക് തയ്യാറാണെന്ന് ചര്‍ച്ച തുടങ്ങിയ അവസരത്തില്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചര്‍ച്ചയില്‍ എന്ത് പറയുമെന്ന് മുന്‍കൂട്ടി പറയില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. നിരുപാധികം കീഴടങ്ങുക, നേറ്റോ, ഇയു അംഗത്വ ആവശ്യം ഉപേക്ഷിക്കുക എന്നിവയിലേതെങ്കിലുമൊന്നാകും റഷ്യ ആവശ്യപ്പെടുക എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഉക്രൈന്‍ അംഗീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Leave a Comment

More News