പശുവിനെ വെടിവെച്ചു കൊന്ന് മാംസം കടത്തി; യൂട്യൂബറും പിതാവും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം: തോട്ടത്തില്‍ മേയാന്‍ വിട്ട പശുവിനെ വെടിവെച്ചു കൊന്ന് മാംസം കടത്തിയ കേസില്‍ യൂട്യൂബറും പിതാവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ റെജീഫ്, പിതാവ് കമറുദ്ദീന്‍, ചിതറ സ്വദേശി ഹിലാരി എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഹംഗ്റി ക്യാപ്റ്റന്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണ് റെജീഫ്. ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിടുന്ന പശുക്കളെ കൊലപ്പെടുത്തി മാംസം കടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി പതിവായിരുന്നു.

കഴിഞ്ഞദിവസം സജി എന്നയാളുടെ ഗര്‍ഭിണിയായ പശുവിനെയും വെടിവെച്ച് കൊന്ന് മാംസം കടത്തി. സംഭവത്തില്‍ സജി പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ റെജീഫും സംഘവും വാഹനത്തില്‍ വരുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്. പശുവിനെ വെടിവെച്ച് കൊന്ന് മാംസമെടുത്ത ശേഷം തലയും മറ്റ് അവശിഷ്ടങ്ങളും കാട്ടില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. ഇവരില്‍നിന്ന് നാടന്‍ തോക്കും തിരകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്..

Leave a Comment

More News