ഭാരത മാതാവിന് ജയ് വിളിച്ച് കുട്ടികള്‍; മോദിക്ക് ജയ് വിളിയില്ല; രക്ഷാദൗത്യം വൈകിയതിലെ അതൃപ്തി പ്രകടിപ്പിച്ച് ഉക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ അതൃപ്തി പരസ്യമാക്കി ഉഴെക്രയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് രക്ഷാദൗത്യം നടത്താതിരുന്ന കേന്ദ്രസര്‍ക്കാരിനോടുള്ള നീരസമാണ് ഇന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എയര്‍ ഫോഴ്‌സ് വിമാനത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ചത്. വിമാനത്തിനുള്ളില്‍ പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് പ്രധാനമന്ത്രി മോദിക്ക് ജയ് വിളിച്ചെങ്കിലും വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചില്ല.

വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൗത്യം വിവരിച്ച ശേഷം മന്ത്രി ജയ് വിളിച്ചത്. സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ പ്രകീര്‍ത്തിച്ച് പലതും മന്ത്രി പറഞ്ഞെങ്കിലും കുട്ടികള്‍ കൈയ്യടിക്കാന്‍ മനസ്സുവച്ചില്ല. ഭാരത് മാതാ കീ ജയ് എന്ന് മന്ത്രി വിളിച്ചുകൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചു. എന്നാല്‍ മോദി കി ജയ് എന്ന മുദ്രാവാക്യത്തിന് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായില്ല. നിരവധി തവണ മന്ത്രി ആവര്‍ത്തിച്ചെങ്കിലും മോദിക്ക് മാത്രം വിദ്യാര്‍ഥികള്‍ ജയ് വിളിച്ചില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

നേരത്തെ ഉക്രെയ്‌നില്‍നിന്നും രക്ഷപെട്ട് ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ വിദ്യാര്‍ഥിനിക്ക് ഇന്ത്യന്‍ അധികൃതര്‍ പൂവ് നല്‍കിയത് നിരസിച്ചതും വാര്‍ത്തയായിരുന്നു. വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ സമയോജിത ഇടപെടല്‍ നടത്താതെ തിരിച്ചെത്തുമ്പോള്‍ പൂവ് നല്‍കി സ്വീകരിച്ചിട്ട് എന്താണ് കാര്യമെന്ന് ബിഹാറില്‍ നിന്നുള്ള ദിവ്യാംശു സിംഗ് ചോദിച്ചു. ഹംഗറി അതിര്‍ത്തി കടന്ന് ബുഡാപെസ്റ്റില്‍ നിന്നും വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്.

Leave a Comment

More News