കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കം: സുധാകരനും സതീശനുമിടയില്‍ മഞ്ഞുരുകുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമിടയിലെ തര്‍ക്കം തീരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പുനഃസംഘടന സംബന്ധിച്ച് തിങ്കളാഴ്ച ഇരുനേതാക്കളും വീണ്ടും ചര്‍ച്ച നടത്തും. അന്തിമ പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നാണ് സൂചന.

പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസമായി ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പട്ടികയില്‍ ചില പേരുകള്‍കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചതെന്നാണു സൂചന. ഇക്കാര്യം നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഗണിക്കാമെന്നാണു സുധാകരനും അഭിപ്രായപ്പെട്ടത്.

കെ.സി. വേണുഗോപാലിന്റെ പട്ടികയാണ് സതീശന്‍ വഴി കെപിസിസി പ്രസിഡന്റിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആരോപിക്കുന്നത്. തനിക്കു ഗ്രൂപ്പില്ലെന്നും ഗ്രൂപ്പിന്റെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു പുനഃസംഘടനാ നടപടികള്‍ തടഞ്ഞ ഹൈക്കമാന്‍ഡും കഴിഞ്ഞ ദിവസം അയഞ്ഞ സമീപനമാണു സ്വീകരിച്ചത്. ചര്‍ച്ചയിലൂടെ സമവായത്തിലെത്തിയാല്‍ പുനഃസംഘടനയ്ക്കു തടസമില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. കെ. സുധാകരനെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തള്ളിയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമായി രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റാണ് അന്തിമ വാക്കെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ചര്‍ച്ചകളിലൂടെ പുനഃസംഘടനാ നടപടികളുമായി മുന്നോട്ടു പോകുന്ന പാര്‍ട്ടി നിലപാടിനെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ പിന്തുണയ്ക്കുന്നതിന്റെ സൂചനകൂടിയാണ് രമേശ് ചെന്നിത്തലയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

Leave a Comment

More News