ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും ആചരിച്ചുവരുന്ന ‘വിമന്‍സ് ഡേ ഓഫ് പ്രയര്‍’ ഈവര്‍ഷം മാര്‍ച്ച് 12-ന് ശനിയാഴ്ച (വൈകുന്നേരം 4 മുതല്‍ 6 വരെ) എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (905 Kent Ave, Elmhurst, IL 60126) വച്ച് നടത്തപ്പെടുന്നതാണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ചുമതല വഹിക്കുന്ന ബിഷപ്പ് ഡോ. സഖറിയാസ് മാര്‍ അപ്രേം പ്രാര്‍ത്ഥനാദിനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുന്നതാണ്.

ഈവര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ വിഷയം ‘നിങ്ങളെപ്പറ്റി ഒരു പദ്ധതി എന്റെ മനസിലുണ്ട്, നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി’ (ജെറ. 29/11) ആണ്.

ഈവര്‍ഷം പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയാണ്. ഇതോടൊപ്പം യുദ്ധത്തിന്റെ ഭയാശങ്കകളിലും ദുരിതങ്ങളിലും കഴിയുന്ന രാജ്യങ്ങളെ പ്രത്യേകിച്ച്, യുക്രെയിനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി യുദ്ധം അവസാനിച്ച്, സമാധാനം പുനസ്ഥാപിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാം.

നമ്മുടെ അസ്ഥിയില്‍ നിന്ന് അസ്ഥിയും, മാംസത്തില്‍ നിന്ന് മാംസവുമായ സഹോദരവര്‍ഗ്ഗത്തിനുവേണ്ടി അല്‍പസമയം വേറിട്ട് പ്രാര്‍ത്ഥിക്കാന്‍ ചിക്കാഗോയിലെ എല്ലാ ക്രിസ്തീയ വിശ്വാസികള്‍ സഭാഭേദമെന്യേ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരുന്ന നിമിഷങ്ങള്‍, അത് വിവിധ മതവിശ്വാസത്തില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ക്കും, ലോക സമാധാനത്തിനും, പകര്‍ച്ചവ്യാധികളായ രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറുന്നു.

ചിക്കാഗോയിലുള്ള 15 ക്രിസ്തീയ ദേവാലയങ്ങളില്‍ ഉള്‍പ്പെട്ട വിശ്വാസികളുടെ ഒരുമിച്ചുള്ള ഒരു സംഗമമാണ് എക്യൂമെനിക്കല്‍ പ്രസ്ഥാനം. ഈവര്‍ഷത്തെ ലോക പ്രാര്‍ത്ഥനാദിനത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ വനിതാഫോറം അംഗങ്ങളായ യുവതികള്‍ പാട്ട്, പാഠംവായന, പ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നതാണ്.

സഭാവ്യത്യാസമില്ലാതെ ഏവര്‍ക്കും ഒരുമനസ്സോടെ പ്രാര്‍ത്ഥിക്കുവാനും, ധ്യാനിക്കുവാനും വേണ്ടിയാണ് ഇങ്ങനെയുള്ള ശുശ്രൂഷകള്‍ ക്രമീകരിക്കപ്പെടുന്നത്. അത് വേണ്ടത്ര രീതിയില്‍ അങ്ങേയറ്റം ഉപയോഗപ്രദമാക്കണമെന്ന് പ്രസിഡന്റ് റവ.ഫാ. തോമസ് മുളവനാല്‍ ഓര്‍മിപ്പിച്ചു.

ആതിഥേയത്വം നല്‍കുന്ന സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിന്റെ വികാരിയും എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റുമായ റവ.ഫാ. എബി ചാക്കോ, പ്രോഗ്രാം കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഡോ. സിജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കമ്മിറ്റി, പങ്കെടുക്കുന്ന ഏവര്‍ക്കും സ്വാദിഷ്ടമായ സ്‌നേഹവിരുന്ന് ക്രമീകരിക്കുന്നതാണ് എന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റവ.ഫാ. തോമസ് മുളവനാല്‍ (പ്രസിഡന്റ്) 310 709 5111, ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി) 224 425 6510, പ്രവീണ്‍ തോമസ് (ട്രഷറര്‍) 847 769 0050, ഡോ. സിജി വര്‍ഗീസ് (കണ്‍വീനര്‍) 847 915 5480.

Leave a Comment

More News