അഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപിക ആശുപത്രിയില്‍

പെംബ്രോക് പൈന്‍സ് (ഫ്ലോറിഡ): സൗത്ത് ഫ്ലോറഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പെംബ്രോക്ക് പൈന്‍ പോലീസ് മാര്‍ച്ച് 7 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം . ക്ലാസില്‍ ബഹളം വെക്കുകയും കസേരകള്‍ മറിച്ചിടുകയും ചെയ്ത അഞ്ചു വയസ്സുകാരനെ അദ്ധ്യാപിക കൂള്‍ ഡൗണ്‍ റൂമില്‍ കൊണ്ട് പോയി , അവിടെ വച്ചാണ് കുട്ടി മര്‍ദ്ദിച്ചത് .

സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയില്‍ ചുമരിനോട് ചേര്‍ന്നിരിക്കുന്ന അദ്ധ്യാപികയെ കണ്ടെത്തി. മുഖം വിളറി വെളുത്തിരുന്നതായും, ക്ഷീണിതയായും ഇരുന്നിരുന്ന അദ്ധ്യാപികയെ തുടര്‍ന്ന് ഹോളിവുഡിലെ മെമ്മോറിയല്‍ റീജിയണല്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്ക് ശേഷം അദ്ധ്യാപികയെ ഡിസ്ചാര്‍ജ് ചെയ്തതായും പോലീസ് അറിയിച്ചു .

അദ്ധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും വയസ്സ് പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടില്ല . അഞ്ചു വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയോ കേസ്സെടുക്കുകയോ ചെയ്തിട്ടില്ലെങ്കിലും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് കുട്ടികളുടെ മാതാപിതാക്കന്മാരില്‍ നിന്നും ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു .

Leave a Comment

More News