ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദിയറിയിച്ച് മകന്‍ മുഈനലി തങ്ങള്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ആശ്വസിപ്പിച്ച് കൂടെനിന്നവര്‍ക്ക് മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ നന്ദിയറിയിച്ചു. മന്ത്രിമാര്‍, മതപണ്ഡിതര്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത പ്രമുഖര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദിയറിയിച്ചു. ഖബറടക്കം തീരുമാനിച്ച സമയത്തില്‍ നിന്നും നേരത്തെ നടത്തിയതില്‍ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുഈനലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:.

പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെ പോലെ നിങ്ങളും അതീവ ദുഃഖിതരാണെന്നറിയാം. കുടുംബത്തിന്റെ വേദനയില്‍ നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ബഹു: മുഖ്യമന്ത്രി മുതല്‍ ശ്രീ: രാഹുല്‍ ഗാന്ധി, മതപണ്ഡിതര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ കക്ഷി നേതാക്കള്‍, പ്രയാസപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വൈറ്റ് ഗാര്‍ഡ്, വിഖായ, വാപ്പയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്സുമാര്‍… ഇതിലെല്ലാമുപരി അഭിവന്ദ്യ പിതാവിനെ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച എന്റെ പ്രിയപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഞങ്ങളുടെ പ്രാര്‍ത്ഥനയിലും എല്ലാവരും ഉണ്ടായിരിക്കും.

അഭിവന്ദ്യ പിതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച് വളരെ പ്രയാസപ്പെട്ട് ദൂരെദിക്കുകളില്‍ നിന്ന് പോലും എത്തിയ പ്രിയ സഹോദരന്മാര്‍ക്ക് കാണാന്‍ കഴിയാത്തതില്‍ എല്ലാവരുടെയും പ്രയാസവും വേദനയും മനസ്സിലാക്കുന്നു. പ്രത്യേക സാഹചര്യത്തില്‍ പ്രിയപ്പെട്ട എളാപ്പ സാദിഖലി ശിഹാബ് തങ്ങളുടെ പക്വതയാര്‍ന്ന തീരുമാനമായിരുന്നു ജനാസ പെട്ടെന്ന് മറവ് ചെയ്യുക എന്നത്. രാവിലെ ജനാസ മറവ് ചെയ്യാനുള്ള തീരുമാനം മാറ്റം വന്നതില്‍ പലര്‍ക്കും ഉണ്ടായ വിഷമത്തില്‍ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്. പ്രിയ സഹോദരങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയുമാണ് ഞങ്ങളുടെ ശക്തി. അഭിവന്ദ്യ പിതാവിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ര്‍ത്ഥിക്കുന്നു. നാഥന്‍ അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ നമ്മള്‍ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ…!

സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍.

 

Leave a Comment

More News