പിതാവിന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പത്തു വയസുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പിതാവ് ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പത്തു വയസുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്കാണ് 31 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയത്. നിലവിലെ നിയമപ്രകാരം 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതിയുള്ളത്. ഈ സമയപരിധി കഴിഞ്ഞതിനാലാണ് കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ഈ ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാനും കുട്ടിയെ പരിശോധിച്ച് ഗര്‍ഭഛിദ്രം നടത്താനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. പത്തു വയസ് മാത്രമുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭാവസ്ഥ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും നിലവില്‍ ഗര്‍ഭഛിദ്രം നടത്താനാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

Leave a Comment

More News