വിവാഹത്തിന് ഒരുങ്ങാനെത്തിയ യുവതികളെ പീഡിപ്പിച്ചു; കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പരാതി; പ്രതി മുങ്ങി

കൊച്ചി: എറണാകുളത്തെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതി. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവതികള്‍ പീഡന വിവരം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

അതേസമയം, ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന. ഇതേക്കുറിച്ച് പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് കൊച്ചി ഡി.സി.പി. വി.യു കുര്യാക്കോസ് പറഞ്ഞു. യുവതികളുടെ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു. കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ഇയാളുടെ സ്റ്റുഡിയോയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്.

ഇതോടെ ഇയാള്‍ ഒളിവിൽ പോയതായാണ് വിവരം. കൊച്ചിയിൽ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പടെ ഇയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്. 2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.

Leave a Comment

More News