യുക്രെയിന് യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന് സെനറ്റര്‍ റിക്ക് സ്‌കോട്ട്

ഫ്ളോറിഡ: ബുധനാഴ്ച രാവിലെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് യുക്രെയിന് കൂടുതല്‍ യുദ്ധവിമാനങ്ങളും ആന്റി എയര്‍ക്രാഫ്റ്റ് ഡിഫന്‍സ് സിസ്റ്റവും അടിയന്തിരമായി നല്‍കണമെന്ന് ഫ്ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിക്ക് സ്‌കോട്ട് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു . ഇത് രണ്ടും നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ യുക്രെയിനിനെ നോ ഫ്‌ളൈ സോണായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

റഷ്യന്‍ വ്യോമസേനയുടെ ആക്രമണത്തെ ചെറുക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നോ ഫ്‌ളൈ സോണ്‍ വേണമെന്ന ആവശ്യം അമേരിക്കയുടെ മുന്‍പാകെ സെലന്‍സ്‌കി വച്ചിട്ടുള്ളത് . യുക്രെയിന്‍ ജനവാസമുള്ള സിറ്റികളില്‍ റഷ്യന്‍ വ്യോമസേന വര്‍ഷിക്കുന്ന ബോംബുകള്‍ നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ജീവനാണ് അപഹരിക്കുന്നതെന്ന് സെലന്‍സ്‌കി യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തി .

പ്രസിഡന്റ് ബൈഡന്‍ ഉടനെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അവിടെ മരിച്ചു വീഴുന്ന നിരപരാധികളായ ഓരോരുത്തരുടെയും ജീവന് കണക്ക് പറയേണ്ടി വരുമെന്നും റിക്ക് സ്‌കോട്ട് മുന്നറിയിപ്പ് നല്‍കി . സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥനക്ക് ശേഷം 800 മില്യണ്‍ ഡോളറിന്റെ യുദ്ധ ഉപകരണങ്ങള്‍ അടിയന്തിരമായി യുക്രെയിനിലേക്ക് അയക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട് . ഇതില്‍ 800 സ്റ്റിന്‍ജര്‍ ആന്റി എയര്‍ക്രാഫ്റ്റ് സിസ്റ്റവും , 2000 ജാവലിന്‍ മിസൈല്‍സും ഉള്‍പ്പെടും .

Leave a Comment

More News