കെ കെ സി എ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ്: കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസ്ലോസിയേഷന്‍ (കെ കെ സി എ) ഭാരവാഹികള്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ. സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂര്‍ നീണ്ട കൂടികാഴ്ചയില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി.

നേഴ്സസ് ഹയര്‍ വെരിഫിക്കേഷന് നേരിടുന്ന കാലതാമസം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള പിസിആര്‍ നിബന്ധന, ഔട്ട്‌സോഴ്‌സ് കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ അംബാസിഡറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഔട്ട്‌സോഴ്‌സ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി അംബാസിഡര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും സംഘടനയിലെ അംഗങ്ങളുടെ പേരില്‍ അറിയിച്ചു.

കെ കെ സി എയുടെ പോഷക സംഘടനയായി ഈ മാസം 25 നു ഉത്ഘാടനം ചെയ്യപ്പെടുന്ന വനിതാ വേദിക്ക് ഇന്ത്യന്‍ സ്ഥാനപതി ആശംസകള്‍ നേര്‍ന്നതോടൊപ്പം സംഘടനയിലെ കുട്ടികളെയും, വനിതകളെയും എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ എംബസിയിലേക്കു ക്ഷണിക്കുകയും ചെയ്തു.

കെ കെ സി എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരില്‍, ജന. സെക്രട്ടറി ബിജോ മല്‍പാങ്കല്‍, ട്രഷറര്‍ ജോസ്‌കുട്ടി പുത്തന്‍തറ, വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്, ജോയിന്റ് സെക്രെട്ടറി അനീഷ് പി ജോസ്, ജോയിന്റ് ട്രഷറര്‍ വിനില്‍ തോമസ് എന്നിവര്‍ അംബാസിഡറെ സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു.

സലിം കോട്ടയില്‍

 

Leave a Comment

More News