സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിയമവിരുദ്ധം; ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്കില്‍ സര്‍ക്കാകര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നാളെ ജോലിക്ക് ഹാജരാകണമെന്നും കാണിച്ച് സര്‍ക്കാര്‍ ഇന്നു തന്നെ അടിയന്തരമായി ഉത്തരവിറക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില്
വ്യക്തമാക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് സര്‍വീസ് ചട്ടത്തില്‍ തന്നെ പറയുന്നുണ്ട്. സമരത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്. പണിമുടക്കിനു ശേഷം നടപടിയെ കുറിച്ച് ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കാര്‍ കഴിയില്ലെന്നും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ഹൈക്കോടതി ഉത്തരവോടെ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് കയറാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ജീവനക്കാര്‍ ഇതിനു തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. പണിമുടക്കിനെതിരെ അടിയന്തര പ്രാധാന്യത്തോടെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ തന്നെ പണിമുടക്ക് അരദിവസം പിന്നിട്ടിരുന്നു.

ദേശവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പണിമുടക്ക് ബാധകമല്ലെങ്കിലും കേരളത്തില്‍ പൂര്‍ണ്ണമാണ്. പൊതുഗതാഗതം അടക്കം സ്തംഭിപ്പിച്ച സമരക്കാര്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയ സ്വകാര്യ വാഹനങ്ങളെയും തടയുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

Leave a Comment

More News