ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

മസ്‌കറ്റ്: രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒമാന്‍ സൂപ്രീം കൗണ്‍സില്‍ ഉത്തരവ് പുറപ്പെടുവിച്ചു.

രാജ്യത്തെ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി യോഗം ചേര്‍ന്നാണ് രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പെരുന്നാള്‍ നമസ്‌കാരത്തിനു കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്.

12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാതെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. പള്ളികളില്‍ ആണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍ തുറന്ന സ്ഥലത്താണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിക്കണമെന്നില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.

കോവിഡ് ഇപ്പോഴും പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണം. ഹസ്തദാനവും ആലിംഗനം എന്നിവ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാന്‍ ശ്രമിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കാന്‍ ശ്രമിക്കണം. ഈ ശീലങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഈദ് പ്രമാണിച്ച് പൊതുസ്ഥലങ്ങളില്‍ നിരവധി പരിപാടികള്‍ ആണ് നടക്കാറുള്ളത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ഒന്നും നടത്താന്‍ അനുമതി നല്‍കില്ല.

പള്ളികള്‍, ഹാളുകള്‍ എന്നിവിടങ്ങളില്‍ വിവാഹ, സംസ്‌കാര ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

 

Leave a Comment

More News