“തൊണ്ടിമുതലും ദൃക്സാക്ഷിയും” സിനിമയിലെ കള്ളന്‍ പ്രസാദിനെ കടത്തിവെട്ടി മറ്റൊരു കള്ളന്‍

ചെന്നൈ: സുഹൃത്തിന്റെ വീട്ടില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കവേ ബിരിയാണിക്കൊപ്പം വിഴുങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ 32കാരന്റെ വയറ്റിൽ നിന്ന് ചെന്നൈ പോലീസ് കണ്ടെടുത്തു. ഏകദേശം 1.45 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് യുവാവ് ബിരിയാണിക്കൊപ്പം വിഴുങ്ങിയത്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന മലയാള സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കള്ളന്‍ പ്രസാദ് എന്ന കഥാപാത്രത്തെ കടത്തിവെട്ടുന്ന രീതിയിലാണ് 32-കാരനായ യുവാവ് സ്വര്‍ണ്ണാഭരണങ്ങള്‍ വിഴുങ്ങിയത്. കള്ളന്‍ പ്രസാദ് ഒരു മാല മാത്രമാണ് വിഴുങ്ങിയതെങ്കില്‍ ഈ കക്ഷി അതുക്കും മേലെയുള്ള പണിയാണ് പൊലീസിന് കൊടുത്തത്.

സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് കാമുകിക്കൊപ്പം യുവാവ് ഈദ് പാര്‍ട്ടിക്കെത്തിയത്. എന്നാല്‍, പാര്‍ട്ടിക്കിടെ ഡയമണ്ട് നെക്ലേസ്, സ്വര്‍ണ മാല, രത്‌നപ്പതക്കം എന്നിവ മോഷ്ടിച്ച് ബിരിയാണിക്കൊപ്പം വിഴുങ്ങുകയായിരുന്നു. 1.45 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് യുവാവ് വിഴുങ്ങിയത്.

ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്ന് മനസിലാക്കിയ വീട്ടുടമ വിരുഗമ്പാക്കം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവാവിനെ സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവാവിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് യുവാവിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സ്‌കാന്‍ ചെയ്തു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ യുവാവിന്റെ വയറ്റിലുണ്ടെന്ന് സ്‌കാനിംഗില്‍ തെളിയുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ മലദ്വാരത്തിലൂടെ ദ്രാവകം കടത്തിവിട്ട് ഡോക്ടര്‍മാര്‍ ആഭരണങ്ങള്‍ പുറത്തെടുത്തു. ഈദ് പാർട്ടിക്കിടെ ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് ആഭരണങ്ങൾ കണ്ടെടുത്തതെന്ന് വിരുഗമ്പാക്കം പോലീസ് പറഞ്ഞു. ആഭരണങ്ങൾ കണ്ടെടുത്ത ശേഷം, കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വീട്ടുടമയായ സ്ത്രീ പറഞ്ഞ് പരാതി പിൻവലിച്ചു. പരാതി പിൻവലിച്ചതിനാൽ യുവാവിന്റേയും പരാതിക്കാരിയുടേയും പേരു വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിരുഗമ്പാക്കം പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment

More News