ബൈക്കില്‍ സഞ്ചരിച്ചു മാലപൊട്ടിച്ചു കടന്നു കളയുന്ന മോഷ്ടാവിനെ പിടികൂടാന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ന്യൂയോര്‍ക്ക് സിറ്റിയില്‍ ബൈക്കില്‍ സഞ്ചരിച്ചു സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നുകളയുന്ന മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണമഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞവാരം നാലുസ്ഥലങ്ങളിലായിരുന്നു മോഷണം നടന്നത്. ബ്രോണ്‍സ് 150 സ്ട്രീറ്റില്‍ സ്ത്രീയുടെ കഴുത്തില്‍ കീടന്നിരുന്ന 800 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭാരണം പൊട്ടിച്ചെടുത്തശേഷം സ്ത്രീയെ തള്ളിയിട്ടു ബൈക്കില്‍ കടന്നുകളഞ്ഞതായിരുന്നു ഏറ്റവും ഒടുവില്‍ ഉണ്ടായത്.

അന്നേ ദിവിസം മന്‍ഹാട്ടന്‍ സെന്റ് നിക്കളസ് അവന്യൂവില്‍ റോഡ് ക്രോസ് ചെയ്തിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും ആഭരണം തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു.

ഇതിന് മുമ്പ് രണ്ടുതവണ വിഫലമായ ശ്രമങ്ങള്‍ നടത്തിയിരുന്നതായും, ഒരു സ്ത്രീയുടെ നെക്കലേസ് പൊട്ടിച്ചുവെങ്കിലും നിലത്തുവീണതിനാല്‍ മോഷ്ടാവിന് അതെടുക്കുവാന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.

വിവിധ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഈ സംഭവങ്ങളുടെ പുറകില്‍ ഒരു മോഷ്ടാവാണെന്നാണ് പോലീസ് കരുതുന്നത്. ചുവന്ന മോട്ടോര്‍ സൈക്കിളില്‍ നാല്പതു വയസ്സോളം പ്രായം വരുന്ന, കറുത്ത ജാക്കറ്റ് ധരിച്ച, ബ്ലൂ ജീന്‍സ് ധരിച്ച മോഷ്ടാവാണ് മോഷണങ്ങള്‍ നടത്തിയിരിക്കുന്നത്. വെളുത്ത ഒരു ഹെല്‍മറ്റും മോഷ്ടാവ് ഉപയോഗിച്ചിരുന്നു. മോഷണം പെരുകുന്നതോടെ ജാഗ്രത പാലിക്കുന്നതിനും, ഇത്തരം സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായാല്‍ വിവരം പോലീസിനെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Leave a Comment

More News