കോടതിയിൽ ഹാജരാക്കിയ മോഷണക്കേസിലെ പ്രതികളുടെ കൈയ്യിൽ കഞ്ചാവ്

തിരുവനന്തപുരം: കോടതിയിൽ ഹാജരാക്കിയ മോഷണക്കേസിലെ പ്രതികളുടെ കൈയ്യിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം പോലീസിന് തലവേദനയായി. പ്രതികളെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്ത് അക്രമാസക്തരാകുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ചാണ് പ്രതികള്‍ പരാക്രമം കാട്ടിയത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുവന്ന മോഷണ കേസ് പ്രതികളാണ് അക്രമാസക്തരായത്.

ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികള്‍ അക്രമാസക്തരായത്. പ്രതികള്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും ബസിലെ യാത്രക്കാരെയും മർദിച്ചു. തുടര്‍ന്ന് പ്രതികളെ കീഴ്‌പ്പെടുത്തി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, ഇവര്‍ ഇവിടെയും ആക്രമണം നടത്തി.പൊലീസ് സ്റ്റേഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കം തകര്‍ത്തു. ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്. മോഷണക്കേസ് പ്രതികളായ കടയ്ക്കല്‍ സ്വദേശി മുഹമ്മദ് ഷാന്‍, കഴക്കൂട്ടം സ്വദേശി അനന്തന്‍, നേമം സ്വദേശി ഷിഫാന്‍ എന്നിവരാണ് അതിക്രമം കാണിച്ചത്. ഇവര്‍ക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

More News