ഇന്ത്യയിലെ ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു: എം എ യൂസഫലി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലുലു ഗ്രൂപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് യൂസഫലി കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന നിക്ഷേപ പദ്ധതികളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും അനുഗ്രഹം തേടിയെന്നും യൂസഫലി ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികള്‍ നടപ്പാക്കിയതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.

Leave a Comment

More News