റേഷന്‍ കടകളിലെ അരി മറ്റൊരു ബ്രാന്‍ഡ് പേരു നല്‍കി വിപണിയില്‍; ഗോഡൗണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന അരി സിവില്‍ സപ്ലൈസ് പിടികൂടി

കൊല്ലം: റേഷന്‍ കടകളില്‍ വിതരണത്തിനായി നല്‍കിയിട്ടുള്ള അരിയുടെ വന്‍ ശേഖരം അനധികൃത രഹസ്യ ഗോഡൗണിൽ നിന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഗോഡൗണ്‍ റെയ്ഡ് ചെയ്ത് അരി ശേഖരം പിടിച്ചെടുത്തത്. കൊല്ലം മണലിൽ ക്ഷേത്രത്തിന് സമീപം അനേഴ്ത്ത് മുക്കിന് സമീപത്തെ കെട്ടിടത്തിലാണ് അരി നിറച്ച ചാക്കുകൾ കണ്ടെത്തിയത്.

248 ചാക്കുകള്‍ കെട്ടിടത്തില്‍ നിന്നും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് 50 ചാക്കുകളുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. വിവിധ റേഷൻ കടകളിൽ നിന്ന് അനധികൃതമായി കടത്തിയ അരിയും, വീടുകളിലേക്ക് വാങ്ങി കൊണ്ടുപോകുന്ന റേഷനരിയുമായിരുന്നു ഈ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. വിവിധ ബ്രാന്‍ഡുകളുടെ പേര് പതിപ്പിച്ച ചാക്കുകളിലേക്ക് റേഷനരി നിറച്ച് വ്യാപാര സ്ഥാപനങ്ങളിലേക്ക് കച്ചവടത്തിനായി കൊണ്ടുപോകുകയായിരുന്നു ഗോഡൗണ്‍ നടത്തിപ്പുകാര്‍ ചെയ്തിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ചാക്കുകളിൽ മയൂരി ബ്രാൻഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ റേഷൻ ചാക്കുകളിൽ നിന്നും പ്ലാസ്റ്റിക്ക് ചാക്കുകളിലേക്ക് അരി മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടൻ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. റേഷനരി സൂക്ഷിച്ചിരുന്ന കെട്ടിടത്തിൻ്റെ ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സംഭവത്തിൽ അവശ്യ സാധന നിയമപ്രകാരം കേസെടുത്തു. ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ എറണാകുളം, പെരുമ്പാവൂർ മേഖലയിലേക്കാണ് അരി കടത്തിവിടുന്നതെന്ന് കണ്ടെത്തി. ഇതിനായി മാഫിയകൾ തന്നെ പ്രവർത്തിക്കുന്നതായി ജില്ല സപ്ലൈ ഓഫിസർ മോഹൻ കുമാർ പറഞ്ഞു.

ഇതിന് മുന്‍പും ഈ ഭാഗത്ത് നിന്ന് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ റേഷൻ ചാക്കിൽ സിവിൽ സപ്ലൈസ് രേഖകൾ ഒട്ടിച്ചിരുന്നു. റേഷൻ കടത്താൻ ഉപയോഗിച്ച ലോറി കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. പിടിച്ചെടുത്ത റേഷൻ കലക്ടറുടെ കസ്റ്റഡിയിലേക്ക് മാറ്റി.

Leave a Comment

More News