ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് കേരളത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് രോഗലക്ഷണങ്ങളോടെ നാട്ടിലെത്തിയ കൊല്ലം സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആ വ്യക്തിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രോഗിയുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.

യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിയായ 35കാരനിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഈ വ്യക്തിയെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്ക് ചെറിയ തോതിലുള്ള ഉത്കണ്ഠയുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യു.എ.ഇയില്‍ നിന്ന് മടങ്ങിവരവേ വിമാനത്തില്‍ രോഗിയുമായി അടുത്ത് സമ്പര്‍ക്കമുണ്ടായ 11 യാത്രക്കാരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല, രോഗിയെ വിമാത്താവളത്തില്‍ നിന്ന് കൊല്ലത്തെ വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍, കൊല്ലത്തെ വസതിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍, രോഗിയുടെ അച്ഛന്‍, അമ്മ എന്നിവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ പി.പി.ഇ കിറ്റ് ധരിച്ച് പരിശോധന നടത്തിയതുകൊണ്ട് അവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരില്ല. രോഗ ലക്ഷണമുള്ളവര്‍ക്ക് ലക്ഷണം പ്രകടിപ്പിക്കുന്ന രോഗങ്ങള്‍ക്ക് മാത്രമാണ് ചികിത്സ. സംഭവത്തില്‍ ആശങ്കയ്ക്കിടയില്ലെന്ന് മന്ത്രി അറിയിച്ചു. നേരത്തേ കൊവിഡും രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്.

Leave a Comment

More News