മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്യുന്ന മണ്ടന്മാരല്ല കര്‍ഷകര്‍: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്ത് മണ്ടന്മാരാകാന്‍ കേരളത്തിലെ കര്‍ഷകരെ കിട്ടില്ലെന്നും ചിങ്ങം ഒന്നിന് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങളില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും നല്ല തമാശയും പ്രഹസനവുമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ചിങ്ങം ഒന്നിന് ഒരുലക്ഷം ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് കൃഷിവകുപ്പിന്റേത്. കര്‍ഷകനും കൃഷിക്കും സംരക്ഷണം നല്‍കുന്നതിലും ന്യായവില ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. നിലവിലുണ്ടായിരുന്ന കര്‍ഷക പെന്‍ഷന്‍ പോലും അട്ടിമറിക്കപ്പെട്ടു. അതിരൂക്ഷമായി തുടരുന്ന വന്യമൃഗശല്യവും ഭൂപ്രശ്‌നങ്ങളും പരിസ്ഥിതിലോല വിഷയങ്ങളുടെ പേരില്‍ സര്‍ക്കാരും കോടതികളും തുടരുന്ന ഭിഷണികളും അതിജീവിക്കാന്‍ സാധിക്കാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് പാലായനം ചെയ്യുമ്പോള്‍ കൃഷിവകുപ്പിന്റെ ഇത്തരം പ്രഹസന പ്രഖ്യാപനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല.

രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണാധികാരികളുടെയും വാക്കുകള്‍ വിശ്വസിച്ച് കൃഷികൊണ്ട് ഉപജീവനം നടത്താമെന്ന് ഇനിയുള്ള കാലം കര്‍ഷകര്‍ സ്വപ്നം കാണേണ്ടതില്ല. കാര്‍ഷികവൃത്തിയില്‍ തിക്താനുഭവങ്ങള്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ പുതുതലമുറയെ കൃഷിയിലേയ്ക്ക് പറഞ്ഞുവിടുന്നത് തികച്ചും ആത്മഹത്യാപരമായിരിക്കും. കൃഷിവകുപ്പ് കോടികള്‍ ചെലവാക്കി നടപ്പിലാക്കിയ ‘ഞങ്ങളും കൃഷിയിലേയ്ക്ക്’ പദ്ധതി ഉദ്ഘാടനത്തോടെ അവസാനിച്ചു പരാജയപ്പെട്ടു. ആയിരക്കണക്കിന് കൃഷി ഓഫീസര്‍മാരും ഉന്നത ഉദ്യോഗസ്ഥരുമുള്ള കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം കൃഷിഭൂമിയിന്ന് കുറഞ്ഞിരിക്കുന്നു. 20,000 ഹെക്ടര്‍ കൃഷിഭൂമി വനഭൂമിയായി 10 വര്‍ഷത്തിനുള്ളില്‍ മാറിയിരിക്കുന്നുവെന്ന സര്‍ക്കാര്‍ രേഖ പുറത്തുവന്നിരിക്കുമ്പോള്‍ കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമെന്ന് വ്യക്തമാകുന്നു.

ചിങ്ങം ഒന്നിന് ഒരു ലക്ഷം കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രാദേശിക ഉദ്ഘാടനങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനം വിചിത്രമാണ്. വര്‍ഷങ്ങളായി കര്‍ഷകദിനാഘോഷം നടത്തിയിട്ട്. കൃഷിയിടങ്ങള്‍ കൂടിയിട്ടില്ല. കര്‍ഷകവരുമാനം വര്‍ദ്ധിച്ചിട്ടുമില്ല. ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും കൃഷിക്കാരുടെ എണ്ണം കുറയുന്ന സാഹചര്യമാണുള്ളത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള പത്ത് കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പിലെ ഉന്നതന്‍ ദേശീയ ഹരിതട്രൈബ്യൂണലില്‍ കേസുനടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് കൃഷിവകുപ്പില്‍ നിന്ന് ഒരിക്കലും നീതി കിട്ടില്ലെന്നുറപ്പാണ്. വനംവകുപ്പിന് കൃഷി ഭൂമി കൈമാറാനുള്ള ഇടനിലക്കാരായി കൃഷിവകുപ്പ് കാര്‍ഷികമേഖല തീറെഴുതപ്പെടുന്ന ദനയീയ സാഹചര്യമാണ് നിലവിലുള്ളതെന്നും കര്‍ഷകരും കര്‍ഷകസംഘടനകളും ചിങ്ങം ഒന്ന് കര്‍ഷക കരിദിനമായി പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

Leave a Comment

More News