മാട്രിമോണിയൽ സൈറ്റിൽ ഡോക്ടറായി വേഷമിട്ട ഐടി എഞ്ചിനീയര്‍ യുവതിയെ കബളിപ്പിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്തു

കാസർകോട്: മാട്രിമോണിയൽ വെബ്‌സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വിവാഹവാഗ്ദാനം നൽകി യുവതിയെ കബളിപ്പിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഐടി എഞ്ചിനീയറെ കാസർകോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടിയെ (33) മംഗളൂരു പ്രാന്തപ്രദേശത്തുള്ള സൂറത്ത്കല്ലിലെ വീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് സൈബർ ക്രൈം ഇൻസ്‌പെക്ടർ കെ പ്രേംസദൻ പറഞ്ഞു.

മംഗളൂരു അത്താവറിലെ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ ഐഡന്റിറ്റി ഷെട്ടി മോഷ്ടിച്ച് സ്വന്തം ഫോട്ടോ ഉപയോഗിച്ച് sangam.com- ൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു.

മംഗളൂരുവിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന 26 കാരിയായ പരാതിക്കാരി ഏപ്രിലിലാണ് ഷെട്ടിയെ മാട്രിമോണിയൽ വെബ്‌സൈറ്റിൽ കണ്ടുമുട്ടിയത്.

ഷെട്ടിയും യുവതിയും അവരുടെ ഫോൺ നമ്പറുകൾ കൈമാറുകയും ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അവരുടെ ബന്ധം വളരുകയും ചെയ്തു. അവർ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. കാസർകോട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് ആഴ്ചകൾക്കകം ഇയാൾ വാഗ്ദാനം നൽകി.

യുവതിയുടെ വിശ്വാസം നേടിയെടുത്തതിനു ശേഷം, തനിക്ക് ഒരു ക്ലിനിക്ക് തുടങ്ങാൻ ആഗ്രഹമുണ്ടെന്നും എന്നാൽ സംരംഭത്തിന് 10 ലക്ഷം രൂപ കുറവാണെന്നും ഷെട്ടി യുവതിയോടു പറഞ്ഞു. എന്നാല്‍, ചില മെഡിക്കല്‍ ചോദ്യങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ പറയുമ്പോൾ അയാൾ ഒഴിഞ്ഞു മാറുന്നതില്‍ യുവതിക്ക് സംശയമുണ്ടായിരുന്നു. വിവാഹം കഴിക്കാനുള്ള യുവതിയുടെ പ്രതീക്ഷകള്‍ കാരണം അയാളെ വിശ്വസിച്ചു എന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. അങ്ങനെ 8 ലക്ഷം രൂപ നൽകി സഹായിക്കാൻ യുവതി തീരുമാനിച്ചു.

തുടർന്ന് ഷെട്ടി ആന്ധ്രാപ്രദേശിലുള്ള സുഹൃത്ത് വിനയ്‌യുടെ ബാങ്ക് വിവരങ്ങൾ അയച്ചു കൊടുത്തു. ആദ്യം 7.57 ലക്ഷം രൂപയും ബാക്കി 43,000 രൂപ മൂന്ന് ഗഡുക്കളായും യുവതി കൊടുത്തു.

എന്നാല്‍, പണം ലഭിച്ചയുടൻ ഷെട്ടി സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയും തന്റെ വാട്ട്‌സ്ആപ്പ് നമ്പർ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഉടൻ തന്നെ യുവതി കാസർകോട് സൈബർ ക്രൈം പോലീസിനെ സമീപിച്ചു.

പോലീസ് വിനയ്‌യെ കണ്ടെത്തുകയും, ഷെട്ടി ആന്ധ്രാപ്രദേശിലേക്ക് പോയി പണം കൈപ്പറ്റിയതായും കണ്ടെത്തി. പരാതിക്കാരിക്ക് ഷെട്ടി നല്‍കിയ ഫോൺ നമ്പറുകളിലൊന്ന് ഇടയ്ക്കിടെ സജീവമായതായും പോലീസ് കണ്ടെത്തി.

പോലീസിന്റെ അന്വേഷണത്തില്‍ രണ്ട് വർഷം മുമ്പ് ഷെട്ടി വിവാഹിതനായിരുന്നു എന്ന് കണ്ടെത്തി. അയാളുടെ ഭാര്യ മംഗളൂരുവിലെ ഒരു സ്വകാര്യ സർവകലാശാലയിൽ അദ്ധ്യാപികയാണ്. ഒരു ലക്ഷം രൂപയിലധികം മാസവരുമാനമുള്ള ഇവർ നല്ല ചുറ്റുപാടിലാണ് താമസമെന്നും പോലീസ് പറഞ്ഞു. ഷെട്ടിയുടെ മാട്രിമോണിയൽ സൈറ്റുകളിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിനയ്‌ക്കോ ഭാര്യയ്ക്കോ അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എന്നാൽ, ഷെട്ടി നഗരങ്ങൾ മാറിക്കൊണ്ടിരിക്കുകയും അത് തന്റെ ജോലിയുമായി ബന്ധപ്പെട്ടതാണെന്ന് ഭാര്യയോട് പറയുകയും ചെയ്തിരുന്നു. മംഗളൂരു, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ അയാള്‍ ഇടയ്ക്കിടെ മാറിത്താമസിച്ചിരുന്നു എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇൻസ്‌പെക്ടർ പ്രേംസദനും സബ് ഇൻസ്‌പെക്ടർ അജിത് പികെയും സംഘവും ഇയാളെ പിടികൂടി.

ഷെട്ടിക്കെതിരെ വഞ്ചന (ഐപിസിയുടെ സെക്ഷൻ 420), ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തൽ (ഐടി നിയമത്തിലെ സെക്ഷൻ 66 ഡി) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാനാണ് യുവതിയെ കബളിപ്പിച്ചതെന്ന് ഇയാൾ ഞങ്ങളോട് പറഞ്ഞു എന്ന് ഇന്‍സ്പെക്ടര്‍ പ്രേംസദൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News