പഞ്ചാമൃതം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഗാന്ധിജീ! മഹാനായ ബാപ്പുജീ! അഹിംസതൻ
ഗാണ്ഡീവം സ്വന്തം കയ്യിലേന്തിയ മഹാത്മജീ!
സ്വാതന്ത്ര്യമാകും മധുമധുര ജീവാമൃതം
സ്വാദറിഞ്ഞതു ഞങ്ങളാദ്യമായങ്ങാലല്ലോ!

വെള്ളക്കരങ്ങേയ്ക്കന്നു തന്ന ക്ലേശങ്ങൾ പച്ച-
വെള്ളംപോലല്ലോ പാനം ചെയ്തതീയടിയർക്കായ്‌!
ഉപ്പു സത്യാഗ്രഹവും ജാലിയൻവാലാ ബാഗും
ഒപ്പത്തിനൊപ്പം ദണ്ഡിയാത്രയുമോർക്കും ലോകം!

മരിച്ചൂ ജനലക്ഷമെങ്കിലും ജനരോഷം
മരിച്ചില്ലതു കണ്ടു പകച്ചൂ വെള്ളക്കാരും!
രണ്ടാം മഹായുദ്ധത്തിൽ തകർന്നൂ വൻശക്തികൾ
ലണ്ടനും ഭാരതത്തിൽ തുടരാൻ പ്രയാസമായ്‌!

സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഗതി മുട്ടി
സന്മനസ്സോടല്ലേലും വെള്ളക്കാർ വിട ചൊല്ലി!
ആഗസ്റ്റ് പതിനഞ്ച്!ഭാരതം സ്വതന്ത്രയായ്‌
ആഗതമായി നവജീവനുമെല്ലാരിലും!

ദൃഢ നിശ്ചയം, ധൈര്യം, സഹന ശക്തി, സത്യ-
സന്ധത, യഹിംസയു മാക്കിനാൻ തന്നായുധം!
വെടിയുണ്ടകൾ ചീറിത്തുളച്ചു കയറീ, നെഞ്ചിൽ
വെടിഞ്ഞു രാഷ്ട്ര പിതാ, തളരാതിഹലോകം!

ഇന്നും നാം സ്വദിക്കുമീ സ്വാതന്ത്ര്യ പഞ്ചാമൃതം
ജനലക്ഷങ്ങൾ രക്ത സാക്ഷികളായിട്ടല്ലേ?
നിവർന്നു പൊങ്ങിപ്പൊങ്ങി പാറട്ടെ, നമ്മൾ വാഴ്ത്തും
ത്രിവർണ്ണ പതാകയീ ഭാരത മണ്ണിൽ നീണാൾ!

One Thought to “പഞ്ചാമൃതം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ”

  1. Colonel(Dr) AK Janardhanan

    Wonderful poem with meaningful thoughts.

Leave a Comment

More News