ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ് ജോണ്‍ മക്കിന്‍ടയര്‍ മുഖ്യാതിഥി

ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകളിലൂടെ റൂബി ജൂബിലിയും പിന്നിട്ട് സേവനത്തിന്റെ 44 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയാണു ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍.

സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഫിലാഡല്‍ഫിയാ അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൃതഞ്ജതാബലിയര്‍പ്പണം നടക്കും.

വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, ദമ്പതിമാരെ ആദരിക്കല്‍, പൊതുസമ്മേളനം, വിശേഷാല്‍ അനുമോദനങ്ങള്‍, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ദാമ്പത്യജീവിതത്തില്‍ 25, 40, 50 എന്നീ വിശേഷാല്‍ വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുന്നവരെയും, വിവാഹത്തിന്റെ സുവര്‍ണ ജൂബിലി കഴിഞ്ഞ ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ ബിഷപ് ആശീര്‍വദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും.

ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴില്‍ പ്രവാസി-അഭയാര്‍ത്ഥി കാര്യാലയത്തിന്റെ ചുമതലവഹിക്കുന്ന (പാസ്റ്ററല്‍ കെയര്‍ ഫോര്‍ റഫ്യൂജീസ് ആന്റ് മൈഗ്രന്റ്‌സ്) ഡയറക്ടര്‍ സിസ്റ്റര്‍ ജെര്‍ത്രൂഡ് ബോര്‍സ്, കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭാസമിതി രണ്ടുവര്‍ഷംകൂടി നടത്തുന്ന പൊതുചര്‍ച്ചാദിനത്തിന്റെ ഉത്ഘാടനചടങ്ങിനോടനുബന്ധിച്ച് അമേരിക്കന്‍ പ്രതിനിധിയായി ആമുഖ പ്രസംഗം നടത്തി മാധ്യമശ്രദ്ധനേടിയ എമിലിന്‍ റോസ് തോമസ് എന്നിവരെയും തദവസരത്തില്‍ ഐ. എ. സി. എ. ആദരിക്കും.

ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി ആയിരത്തിതൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ കുടിയേറി വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച മലയാളി കത്തോലിക്കര്‍ 1978 ല്‍ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു സ്‌നേഹകൂട്ടായ്മയായി തലയുയര്‍ത്തി നില്‍ക്കുന്നു.

പ്രവാസികളായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് നാലു ദശാബ്ദക്കാലം സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണ്.

സെക്കന്റ് ജനറേഷനില്‍നിന്നും വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നല്‍കിയിട്ടുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ കത്തോലിക്കര്‍ ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിനു പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാക്കിയിട്ടുണ്ട്.

കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി ഒരേ കുടക്കീഴില്‍ ഒത്തുചേര്‍ന്ന് ആണ്ടുതോറും നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 17 നാണ് നടക്കുന്നത്.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ബിന്‍സ് ചെതലില്‍, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളായ ചാര്‍ലി ചിറയത്ത് (പ്രസിഡന്റ്), മെര്‍ലിന്‍ അഗസ്റ്റിന്‍ (ജനറല്‍ സെക്രട്ടറി), അനീഷ് ജയിംസ് (ട്രഷറര്‍), തോമസ് സൈമണ്‍ (വൈസ് പ്രസിഡന്റ്), ജോഷ്വ ജേക്കബ് (ജോ. സെക്രട്ടറി), ജോസഫ് സക്കറിയ (ജോ. ട്രഷറര്‍), സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് ആയ ജോസ് മാളേയ്ക്കല്‍, ജോസഫ് മാണി, രേണു ഫിലിപ്, ജോസഫ് എള്ളിക്കല്‍, അലക്‌സ് ജോണ്‍, ജോസ് തോമസ് എന്നിവരും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഫിലിപ് എടത്തില്‍, തോമസ് നെടുമാക്കല്‍, സേവ്യര്‍ മൂഴിക്കാട്ട്, റോമിയോ ഗ്രിഗറി, ഫിലിപ് ജോണ്‍, സണ്ണി പടയാറ്റില്‍, ജോണ്‍ ചാക്കോ, ഓസ്റ്റിന്‍ ജോണ്‍, ശോശാമ്മ എബ്രാഹം, ആന്‍സ് മരിയ തങ്കച്ചന്‍, എബന്‍ ബിജു എന്നിവരും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

Leave a Comment

More News