പിതാവ് മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന് ആരോപിച്ച് വനിതാ ഡോക്ടറെ അപമാനിച്ച യുവാവിനെ അറസ്റ്റു ചെയ്തു

കോട്ടയം: പിതാവിന്റെ മരണം ചികിത്സാ പിഴവു മൂലമാണെന്ന് ആരോപിച്ച് വനിതാ ഡോക്ടറെ അപമാനിക്കുകയും ആശുപത്രി വാർഡിലെ പ്ലാസ്റ്റിക് സ്റ്റൂൾ അടിച്ചുതകർക്കുകയും ചെയ്ത യുവാവിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പൈനാവ് കുഴങ്കരയിൽ 29-കാരന്‍ അജേഷിനെയാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടാം വാർഡിലാണ് സംഭവം നടന്നത്. അജേഷിന്റെ പിതാവ് തങ്കച്ചന്റെ (67) മൂക്കിൽ ഘടിപ്പിച്ച ഓക്‌സിജൻ ട്യൂബ് തല്‍സ്ഥാനത്തു നിന്ന് മാറിപ്പോയത് ഡ്യൂട്ടി നഴ്‌സിനെ അറിയിച്ചപ്പോള്‍ അത് തന്റെ ജോലിയല്ലെന്നും ഡോക്ടറെ വിവരമറിയിക്കാമെന്നും പറഞ്ഞതായി തങ്കച്ചന്റെ മക്കള്‍ പറഞ്ഞു.

കുറച്ചു സമയത്തിന് ശേഷം ജൂനിയര്‍ വനിതാ ഡോക്ടര്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു. ഡോക്ടറുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് അജേഷ് അസഭ്യം പറയുകയും സമീപത്ത പ്ലാസ്റ്റിക് സ്റ്റൂള്‍ എടുത്ത് ഡോക്ടറെ തല്ലാന്‍ ശ്രമിക്കുകയും പൊട്ടിച്ചെന്നുമാണ് പരാതി.

അജേഷിനെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് ഡോക്ടറുടെ പരാതിയെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. തങ്കച്ചന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Comment

More News